Top NewsWorld

ചൈനയില്‍ പടരുന്ന വൈറസ് ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ മുന്‍പ് തന്നെ ഉള്ളത്; സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നു’; ആരോഗ്യ മന്ത്രാലയം

Spread the love

ചൈനയിലെ HMPV വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് ആരോഗ്യമന്ത്രാലയം. വിഷയത്തില്‍ ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു. ചൈനയില്‍ പടരുന്ന വൈറസ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ മുന്‍പ് തന്നെ ഉള്ളതാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ചൈനയിലെ ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ് വ്യാപനത്തില്‍ ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നേരത്തെ ഇന്ത്യന്‍ ആരോഗ്യ ഏജന്‍സിയായ ഹെല്‍ത്ത് സര്‍വീസസ് വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (ഡിജിഎച്ച്എസ്) ഡോ അതുല്‍ ജോയല്‍ അറിയിച്ചു. ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസിന് ആന്റിവൈറല്‍ ചികിത്സകളൊന്നും നിലവില്‍ ലഭ്യമല്ലെങ്കിലും എല്ലാ ശ്വാസസംബന്ധിയായ രോഗങ്ങളും തടയാനുള്ള പൊതുമാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനാണ് ചൈനയും ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയെ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം ഇന്നലെ പറഞ്ഞു.

രാജ്യാന്തര തലത്തില്‍ വൈറല്‍ പനിയും ശ്വാസകോശ ഇന്‍ഫെക്ഷനും പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനം സസൂക്ഷ്മം സ്ഥിതിഗതികള്‍ വിലയിരുത്തുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജും വ്യക്തമാക്കിയിട്ടുണ്ട്. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളുളളവരെ പ്രത്യേകം നിരീക്ഷിക്കും. വൈറസ് ബാധയില്‍ ആശങ്ക വേണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.