Tuesday, January 7, 2025
NationalTop News

‘ജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കയുടെ കവിളുകള്‍ പോലെ മിനുസമാര്‍ന്നതാക്കും’; അധിക്ഷേപ പരാമര്‍ശവുമായി ബിജെപി സ്ഥാനാര്‍ത്ഥി; മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്

Spread the love

പ്രിയങ്ക ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ് രമേശ് ബിധൂരി. ഡല്‍ഹിയിലെ കല്‍ക്കാജിയിലെ ബിജെപി സ്ഥാനാര്‍ഥിയാണ് ബുധൂരി. കല്‍ക്കാജിയില്‍ നിന്ന് താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കയുടെ കവിളുകള്‍ പോലെ മിനുസമാര്‍ന്നതാക്കും എന്നായിരുന്നു പ്രഖ്യാപനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബിധൂരിയുടെ മോശം പരാമര്‍ശം.

പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസുംആംആദ്മിയും രംഗത്തെത്തി. ബിജെപി സ്ത്രീവിരുദ്ധ പാര്‍ട്ടി എന്ന അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബിധൂരിയുടെ വൃത്തികെട്ട മനോഭാവമാണ് പുറത്തുവന്നതെന്നും വിമര്‍ശനമുണ്ട്.

ബിജെപിക്ക് സ്ത്രീകളോടുള്ള ബഹുമാനം എത്രത്തോളം എന്ന് വ്യക്തമാക്കുന്നതാണ് പരാമര്‍ശം എന്ന് ആം ആദ്മിയും പ്രതികരിച്ചിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് മുന്‍ എംപി കൂടിയായ ബിധുരിയുടെ സ്ഥാനാര്‍ത്ഥിത്വം ബിജെപി പ്രഖ്യാപിച്ചത്. താന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയതായി ബിധൂരി സമ്മതിച്ചിട്ടുണ്ട്. ബിജെപി നേതാവ് ഹേമ മാലിനിയെ കുറിച്ച് ലാലു പ്രസാദ് യാദവ് സമാനമായ പരാമര്‍ശം നടത്തിയിരുന്നുവെന്ന് രമേശ് ബിധൂരി ചൂണ്ടിക്കാട്ടി. ഇന്ന് കോണ്‍ഗ്രസിന് പ്രസ്താവനയില്‍ വേദനിക്കുന്നുവെങ്കില്‍, ഹേമാജിയുടെ കാര്യമോ? പ്രശസ്ത നായികയായ അവര്‍ സിനിമകളിലൂടെ ഇന്ത്യയ്ക്ക് പ്രശസ്തി നേടിക്കൊടുത്ത വ്യക്തിയാണ്. താന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ അന്ന് ലാലു പറഞ്ഞതും തെറ്റാണെന്ന് സമ്മതിക്കണം ബിധൂരി വ്യക്തമാക്കി.

ബിജെപി അങ്ങേയറ്റം സ്ത്രീ വിരുദ്ധ പാര്‍ട്ടിയാണ്. പ്രിയങ്കാ ഗാന്ധിയെക്കുറിച്ചുള്ള രമേഷ് ബിധുരിയുടെ പ്രസ്താവന അപമാനകരം മാത്രമല്ല, സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ വെറുപ്പുളവാക്കുന്ന മാനസികാവസ്ഥയും കാണിക്കുന്നു. പക്ഷേ, സഭയില്‍ സഹപ്രവര്‍ത്തകയെ അധിക്ഷേപിച്ചിട്ടും ഒരു ശിക്ഷയും ലഭിക്കാത്ത ഒരാളില്‍ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്? – കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രിനേത് എക്‌സില്‍ കുറിച്ചു. രമേഷ് ബിധുരിയുടെ പരാമര്‍ശം ബിജെപിയുടെ യഥാര്‍ത്ഥ മുഖം പ്രതിഫലിപ്പിക്കുന്നതാണെന്ന് അവര്‍ വിമര്‍ശിച്ചു. ബിധുരി മാത്രമല്ല, ബിജെപിയുടെ ഉന്നത നേതൃത്വവും കൈകൂപ്പി പ്രിയങ്കാ ഗാന്ധിയോട് മാപ്പ് ചോദിക്കണമെന്നും ശ്രീനേറ്റ് ആവശ്യപ്പെട്ടു. വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്‍ക്കാജിയില്‍ ബിധുരിയെ കൂടാതെ ഡല്‍ഹി മുഖ്യമന്ത്രി അതിഷിയും കോണ്‍ഗ്രസിന്റെ അല്‍ക്ക ലാംബയുമാണ് സ്ഥാനാര്‍ഥികള്‍.