KeralaTop News

പെരിയ കേസ്; കുറ്റവിമുക്തരായവർക്കെതിരെ കൃപേഷിന്റെയും, ശരത് ലാലിന്റെയും കുടുംബം അപ്പീൽ നൽകും

Spread the love

പെരിയ ഇരട്ട കൊലപാതക കേസിൽ കോടതിവിധിക്ക് പിന്നാലെ അപ്പീൽ നൽകാൻ ഒരുങ്ങി കൃപേഷിന്റെയും, ശരത് ലാലിന്റെയും കുടുംബം. കോടതി കുറ്റവിമുക്തനാക്കിയ ഒമ്പതാം പ്രതി മുരളി ഉൾപ്പെടെ അഞ്ചു പേർക്കെതിരെ അപ്പീൽ നൽകാൻ ആണ് തീരുമാനം.

കെ വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കൾക്ക് മേൽ ഗൂഢാലോചന കുറ്റം തെളിയാത്തത് കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു.ഇതിൽ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനം എടുക്കാൻ ആണ് കുടുംബത്തിന്റെ തീരുമാനം.

കേസിൽ സിപിഐഎം നേതാക്കളെ കുടുക്കിയതാണെന്ന വാദത്തിൽ പാർട്ടി ഉറച്ചു നിൽക്കുകയാണ്. കെ വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെയുള്ള കോടതി വിധിയ്ക്കെതിരെ മേൽക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലയിലെ സിപിഐഎം നേതൃത്വം.
അഞ്ച് വര്‍ഷം തടവ് ഒരു പ്രശ്‌നമല്ലെനന്നായിരുന്നു പെരിയ കേസില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സിപിഐഎം മുന്‍ എംഎൽഎ കെ വി കുഞ്ഞിരാമന്‍ വിധിക്ക് പിന്നാലെ പ്രതികരിച്ചത്. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കെ വി കുഞ്ഞിരാമന്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചിട്ടും യാതൊരു കൂസലുമില്ലാതെയായിരുന്നു കുഞ്ഞിരാമന്റെ പ്രതികരണം.

പെരിയ ഇരട്ടക്കൊലക്കേസില്‍ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും നാല് പ്രതികള്‍ക്ക് അഞ്ചു വര്‍ഷം തടവുമാണ് വിധിച്ചത്. ഒന്നു മുതല്‍ 8 വരെ പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം വിധിച്ചിരിക്കുന്നത്. 14, 20, 21, 22 പ്രതികള്‍ക്ക് 5 വര്‍ഷം തടവ് വിധിച്ചു. 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനും CPIM ലോക്കല്‍ കമ്മിറ്റി മുന്‍ അംഗവുമായ എ പീതാംബരനും ഉദുമ മുന്‍ MLA കെ വി കുഞ്ഞിരാമനും ഉള്‍പ്പെടെയുള്ളവരാണ് കുറ്റക്കാര്‍.