‘എല്ലാക്കാലത്തും മുസ്ലിം ലീഗ് ഒപ്പം ഉണ്ട്, ഇനിയുമുണ്ടാകും; ദൃഢമായി ബന്ധം മുന്നോട്ടു പോകും’; രമേശ് ചെന്നിത്തല
മുസ്ലിം ലീഗിനെ വാനോളം പ്രശംസിച്ച് രമേശ് ചെന്നിത്തല. എല്ലാക്കാലത്തും മുസ്ലിം ലീഗ് തന്നോടൊപ്പം ഉണ്ടെന്നും ഇനിയുമുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ലീഗുമായി ഒരു അകൽച്ചയും ഇന്നുവരെ ഉണ്ടായിട്ടില്ല. രാഷ്ട്രീയ രംഗത്ത് ഉള്ള കാലം മുതൽ ഒരു അകൽച്ചയുമില്ല. ദൃഢമായി ബന്ധം മുന്നോട്ടു പോകുമെന്ന് രമേശ് ചെന്നിത്തല. ജാമിഅഃ നുരിയ വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
തനിക്ക് മുസ്ലിംലീഗുമായി ഏറ്റവും നല്ല ബന്ധം. അതൊരു കാരണവശാലും ഇല്ലാതാകില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. യുഡിഎഫ് ആയാലും കോൺഗ്രസ് ആയാലും എല്ലാ മത സമുദായങ്ങളെയും ചേർത്തുനിർത്തുന്നവരാണ്. തന്റെ മുൻഗാമികളും ചെയ്തത് അതാണ്. യുഡിഎഫിനും കോൺഗ്രസിനും അത് ആവശ്യമാണ്. അത് തൻ നിറവേറ്റുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയെന്നും സ്വാഭാവികമായി രാഷ്ട്രീയം ചർച്ച ചെയ്തെന്നും അദ്ദേഹം പറഞ്ഞു. ജാമിയയിൽ എത്തുമ്പോൾ വലിയ സന്തോഷമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പാണക്കാട് തങ്ങൾമാർ എല്ലാവരെയും ചേർത്തു പിടിയ്ക്കുന്നുവെന്ന് രമേശ് ചെന്നിത്തല പ്രശംസിച്ചു. സംഘർഷമുണ്ടാകുന്നയിടത്ത് സമാധാനത്തിൻ്റെ ദൂതുമായി പാണക്കാട് തങ്ങൾമാരും പി.കെ കുഞ്ഞാലിക്കുട്ടിയും എത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സമാധാനത്തിൻ്റെ സന്ദേശം തങ്ങൾമാർ ഉയർത്തി പിടിയ്ക്കുന്നു. എല്ലാ മതങ്ങൾക്കും സ്വീകാര്യമായ തീരുമാനങ്ങൾ എടുക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
എൻ.എസ്.എസ്. – എസ്.എൻ.ഡി.പി പരിപാടികളിൽ പങ്കെടുത്തത്തിന് പിന്നാലെയാണ് രമേശ് ചെന്നിത്തല ഇന്ന് പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ വാർഷിക സമ്മേളനത്തിനും എത്തിയത്. ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായ സ്ഥാപനമാണ് ജാമിഅഃ നൂരിയ്യ.എം കെ മുനീർ അധ്യക്ഷനായ ‘ഗരീബ് നവാസ് ‘എന്ന സെഷനിലാണ് രമേശ് ചെന്നിത്തല പങ്കെടുത്തത്. കഴിഞ്ഞ വർഷത്തെ ജാമിഅഃ നൂരിയ വാർഷിക സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പങ്കെടുത്തിരുന്നു. എന്നാൽ ഇത്തവണ സതീശനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടില്ല.