വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഒഴുകിയെത്തിയത് അരലക്ഷത്തോളം കര്‍ഷകര്‍: കരുത്ത് വിളിച്ചോതി ഖനൗരി അതിര്‍ത്തിയില്‍ മഹാപഞ്ചായത്ത്
കര്‍ഷകരുടെ കരുത്ത് വിളിച്ചോതി ഖനൗരി അതിര്‍ത്തിയില്‍ മഹാപഞ്ചായത്ത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അരലക്ഷത്തോളം കര്‍ഷകരാണ് പഞ്ചാബ് – ഹരിയാന അതിര്‍ത്തിയില്‍ ഒഴുകിയെത്തിയത്. ഖനൗരി കൂടാതെ മറ്റ് അതിര്‍ത്തികളിലും സമരം ശക്തമാക്കാന്‍ ആണ് കര്‍ഷകരുടെ ആഹ്വാനം.
നിരാഹാര സമരം തുടരുന്ന ജഗജീത് സിങ് ദല്ലേവാളിന് ഐക്യദാര്‍ഢ്യം അറിയിച്ചാണ് സമരം ശക്തമാക്കുമെന്ന് സന്ദേശവുമായി കര്‍ഷകരുടെ ശക്തി പ്രകടനം. പഞ്ചാബ് കൂടാതെ ഹരിയാന ഉത്തര്‍പ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അരലക്ഷത്തോളം കര്‍ഷകര്‍ ഖനൗരിയിലേക്ക് എത്തി. കൊടും തണുപ്പിനെ അവഗണിച്ചാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ സമര കേന്ദ്രത്തില്‍ എത്തിയത്.
തിങ്കളാഴ്ച വീണ്ടും ഹര്‍ജി പരിഗണിക്കുമ്പോള്‍ ദല്ലേവാളിനെ ആശുപത്രിയിലേക്കു മാറ്റിയിരിക്കണമെന്ന സുപ്രീം കോടതിയുടെ അന്ത്യശാസനം നിലനില്‍ക്കേയാണ് മഹാപഞ്ചായത്ത്. പത്താം തീയതി അടുത്ത മഹാപഞ്ചായത്ത് കര്‍ഷകര്‍ ആസൂത്രണം ച്ചെയുന്നുണ്ട് .ഇതിനിടയില്‍ ദല്ലേ വാളിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ പോലീസ് നടപടി ഉണ്ടായാല്‍ പ്രതിരോധിക്കാനാണ് കര്‍ഷകരുടെ തീരുമാനം.