കലൂരിലെ വിവാദ നൃത്ത പരിപാടി; മൃദംഗ വിഷൻ അനുമതി തേടി സമർപ്പിച്ചത് ഒപ്പില്ലാത്ത അപേക്ഷ
കലൂരിലെ വിവാദ നൃത്ത പരിപാടിക്ക് അനുമതി തേടി മൃദംഗ വിഷൻ കൊച്ചി കോർപ്പറേഷനിൽ നൽകിയ അപേക്ഷയിൽ ഒപ്പ് ഇല്ല. ഒപ്പില്ലാത്ത അപേക്ഷയാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ ലൈസൻസിന് വേണ്ടി പരിഗണിച്ചത്. മൃദംഗ വിഷൻ കൊച്ചി കോർപ്പറേഷനിൽ നൽകിയ അപേക്ഷയുടെ പകർപ്പ് ലഭിച്ചു.
അപേക്ഷ നൽകിയ തീയതിയും അപേക്ഷയിൽ രേഖപ്പെടുത്തിയിട്ടില്ല. അടിസ്ഥാനപരമായ വിവിരങ്ങൾപോലും ഇല്ലാത്ത അപേക്ഷയാണ് കോർപ്പറേഷൻ ലൈസൻസിനായി പരിഗണിച്ചത്. ഇന്ന് കോർപ്പറേഷന്റെ സാമ്പത്തിക സമിതി പ്രശ്‌നം പരിഗണിക്കുന്നുണ്ട്. അപേക്ഷയിൽ വേണ്ട പരിശോധന നടത്താതെ നടപടികൾ സ്വീകരിച്ചതിന് ഹെൽത്ത് ഇൻസ്‌പെക്ടറെ മേയറുടെ നിർദേശ പ്രകാരം സസ്‌പെൻഡ് ചെയ്തിരുന്നു.
അതേസമയം കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടി അവതരിപ്പിക്കാൻ അനുമതി നൽകിയത് ജിസിഡിഎ ചെയർമാൻ നേരിട്ട് എന്ന് തെളിവുകൾ പുറത്തുവന്നിരുന്നു. പരിപാടിക്ക് അനുമതി നൽകരുതെന്ന് ഉദ്യോഗസ്ഥർ ഫയലിൽ കുറിച്ചിട്ടും, അത് മറികടന്നാണ് ചെയർമാൻ കെ ചന്ദ്രൻപിള്ള അനുമതി നൽകിയതെന്ന് തെളിയിക്കുന്ന രേഖകൾ ട്വന്റിഫോറിന് ലഭിച്ചു. ട്വന്റിഫോർ വാർത്തയ്ക്ക് പിന്നാലെ ജിസിഡിഎ ചെയർമാനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു.
ചെയർമാൻ അനുമതി നൽകിയതിന് പിന്നാലെ മൃദംഗ വിഷൻ ജിസിഡിഎയുടെ അക്കൗണ്ടിൽ 13ലക്ഷം രൂപ അടയ്ക്കുകയും ചെയ്തു.പോലീസിന്റെയോ ഫയർഫോഴ്സിന്റെയോ കൊച്ചി കോർപ്പറേഷന്റെയോ അനുമതി നേരിടും മുമ്പാണ് ഒറ്റ ദിവസം കൊണ്ട് സംഘാടകർക്ക് ദ്രുതഗതിയിൽ അനുമതി ലഭിച്ചത്. കായികേതേര പരിപാടികൾക്ക് സ്റ്റേഡിയം നല്കരുതെന്ന് നിയമമില്ലെന്നും, ഉദ്യോഗസ്ഥർ പറയുന്നത് മാത്രം കേൾക്കാനല്ല ഭരണസമിതിയല്ലെന്നുമായിരുന്നു ചെയർമാൻ കെ ചന്ദ്രൻപിള്ളയുടെ പ്രതികരണം.