KeralaTop News

മുസ്ലിം ദേവാലയങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?’ രൂക്ഷവിമര്‍ശനവുമായി കെ സുരേന്ദ്രന്‍

Spread the love

സനാതന ധര്‍മ്മം അശ്ലീലമാണെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഭൂരിപക്ഷ സമുദായത്തെ എങ്ങനെ ഭിന്നിപ്പിക്കാമെന്ന ആലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും മുസ്ലിം ദേവാലയങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

എം വി ഗോവിന്ദനെതിരെ കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്ന് പറഞ്ഞ കെ സുരേന്ദ്രന്‍ ശിവഗിരിയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയുടെ തുടര്‍ച്ചയാണ് എംവി ഗോവിന്ദന്റെ പ്രസ്താവനയെന്ന് ചൂണ്ടിക്കാട്ടി. വിലകുറഞ്ഞ ജല്പനമാണ് നടത്തിയതെന്നും തിരുത്തപ്പെടേണ്ടതും എതിര്‍ക്കപ്പെടേണ്ടതുമാണിതെന്നും അദ്ദേഹം പറഞ്ഞു.

അമ്പലങ്ങളില്‍ ഷര്‍ട്ട് ഇടണോ വേണ്ടയോ എന്നതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. മുഖ്യമന്ത്രി ഇടപെട്ട് പരിഹരിക്കേണ്ട പ്രശ്‌നമാണല്ലോ അതെന്നും അദ്ദേഹം ചോദിച്ചു. അമ്പലങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്താണ് അവകാശം. ഭൂരിപക്ഷ സമുദായത്തെ എങ്ങനെ ഭിന്നിപ്പിക്കാം എന്നതാണ് ഇപ്പോള്‍ നടക്കുന്നത്. മുസ്ലിം ദേവാലയങ്ങള്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പറയാന്‍ പിണറായി വിജയന് ധൈര്യമുണ്ടോ? അവിടെ ഒരു ചോദ്യമുന്നയിക്കാന്‍ പോലും ഉള്ള ആര്‍ജ്ജവം പിണറായി വിജയന് ഇല്ല – അദ്ദേഹം പറഞ്ഞു.

സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന സൂചനയും അദ്ദേഹം നല്‍കി. എല്ലാകാലവും പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്ത് തുടരാന്‍ ആകില്ല. പുതിയ ആളുകള്‍ക്ക് അവസരം നല്‍കുന്ന പാര്‍ട്ടിയാണ് ബിജെപി. പുതിയ ആളുകള്‍ക്ക് എക്കാലവും അവസരം നല്‍കിയിട്ടുണ്ട് ഇനിയും അത് നല്‍കും. സംഘടനാ തെരഞ്ഞെടുപ്പില്‍ പ്രശ്‌നങ്ങള്‍ ഇല്ല. ആരും മനപ്പായസം ഉണ്ണെണ്ട. സംഘടന തെരഞ്ഞെടുപ്പ് വ്യവസ്ഥാപിതമായ രീതിയില്‍ തന്നെ നടത്തും – സുരേന്ദ്രന്‍ വ്യക്തമാക്കി.