കോൺഗ്രസിനുള്ളിൽ കരുത്താർജ്ജിച്ച് ചെന്നിത്തല; ഇന്ന് സമസ്തയുടെ വേദിയിൽ, ജാമിഅഃ നൂരിയ്യ സമ്മേളനത്തിൽ പങ്കെടുക്കും
എൻ.എസ്.എസ്. – എസ്.എൻ.ഡി.പി പരിപാടികളിൽ പങ്കെടുത്തത്തിന് പിന്നാലെ രമേശ് ചെന്നിത്തല ഇന്ന് പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ വാർഷിക സമ്മേളനത്തിനെത്തും. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായ സ്ഥാപനമാണ് ജാമിഅഃ നൂരിയ്യ.എം കെ മുനീർ അധ്യക്ഷനായ ‘ഗരീബ് നവാസ് ‘എന്ന സെഷനിലാണ് രമേശ് ചെന്നിത്തല പങ്കെടുക്കുക.
കഴിഞ്ഞ വർഷത്തെ ജാമിഅഃ നൂരിയ വാർഷിക സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പങ്കെടുത്തിരുന്നു. എന്നാൽ ഇത്തവണ സതീശനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടില്ല.
രമേശ് ചെന്നിത്തല കോൺഗ്രസിൽ വീണ്ടും ശക്തിയായി മാറുന്നതിൻ്റെ സൂചനകളാണ് ഇപ്പോൾ കാണുന്നത്. വിവിധ സമുദായ സംഘടനകളുടെ പിന്തുണയും ചെന്നിത്തലക്കുണ്ട്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് പലരും ഒളിഞ്ഞും തെളിഞ്ഞും ചെന്നിത്തലയുടെ പേര് ഉയർത്തികൊണ്ടുവരുന്നുണ്ട്.
11 വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ചാണ് കഴിഞ്ഞദിവസം രമേഷ് ചെന്നിത്തല എന്‍എസ്എസ് ആസ്ഥാനത്തെത്തിയത്. അതിന് മുമ്പ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റും ലഭിച്ചിരുന്നു.പ്രതിപക്ഷ നേതാവായതിന് പിന്നാലെ വി ഡി സതീശനായിരുന്നു സമസ്ത-ലീഗ് പരിപാടികളിലെ ക്ഷണിതാവ്. ഇതിനെ മറികടന്നാണ് സമസ്ത സ്ഥാപനത്തിന്റെ ഉദ്ഘാടകനായി ചെന്നിത്തലയെത്തുന്നത്.