ഛോട്ടാ രാജൻ്റെ സംഘത്തിലെ വാടകക്കൊലയാളി; ഇപ്പോൾ ജോലി കെട്ടിട നിർമ്മാണ മേഖലയിൽ, കൊലക്കേസിൽ പിടിയിൽ
മുംബൈയിലെ അധോലോക നായകരിൽ പ്രമുഖനായിരുന്ന ഛോട്ടാ രാജൻ്റെ സഹായികളിൽ ഒരാൾ 16 വർഷത്തിന് ശേഷം പിടിയിൽ. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട വിലാസ് ബൽറാം പവാർ എന്ന രാജു വികന്യയാണ് മുംബൈയിലെ ചെമ്പുരിൽ നിന്ന് പൊലീസ് പിടിയിലായത്.
കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ആയുധം കൈവശം വെക്കൽ തുടങ്ങി ഇയാൾക്കെതിരെ നിരവധി കേസുകൾ മുംബൈ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. മെട്രോപൊളിറ്റൻ സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
കൊലക്കേസിൽ പ്രതിയാക്കപ്പെട്ട രാജു വികന്യ വർഷങ്ങളായി ഒളിവിലായിരുന്നു. 62 വയസുകാരനായ പ്രതി 1992 ൽ മുംബൈയിലെ ഘാട്‌ല പ്രദേശത്ത് ഒരാളെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ വർഷങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്യപ്പെട്ട പ്രതി, 2008 ൽ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും ഒളിവിൽ പോവുകയായിരുന്നു.
പൊലീസ് പിടിയിലാകാതിരിക്കാൻ പലയിടത്തായി മാറിമാറി താമസിച്ചിരുന്ന പ്രതി കെട്ടിട നിർമ്മാണ ജോലികൾക്ക് തൊഴിലാളികളെ എത്തിക്കുന്ന ഏജൻ്റായി പ്രവർത്തിക്കുകയായിരുന്നു. ഛോട്ടാ രാജൻ്റെ സംഘത്തിലെ വാടകക്കൊലയാളിയായിരുന്നു ഇയാളെന്നാണ് പൊലീസ് പറയുന്നത്.