അധികാര ഇടനാഴിയിലേക്ക് വീണ്ടും മടങ്ങി വരുമോ? രമേശ് ചെന്നിത്തല കോൺഗ്രസിനുള്ളിൽ വീണ്ടും ശക്തനാകുന്നു
രമേശ് ചെന്നിത്തല കോൺഗ്രസിനുള്ളിൽ വീണ്ടും ശക്തനാകുന്നു. സാമുദായിക സംഘടനകളുടെ പരിപാടികളിൽ തുടർച്ചയായി പങ്കെടുക്കുന്നത് പാർട്ടിയുടെ അധികാര സ്ഥാനത്തേക്കുള്ള രമേശ് ചെന്നിത്തലയുടെ മടങ്ങിവരവ് എന്നാണ് വിലയിരുത്തൽ. എന്നാൽ പരിപാടികളിൽ വീണ്ടും രമേശ് ചെന്നിത്തല സജീവമാകുന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ മുറുമുറുപ്പ് ആരംഭിച്ചിട്ടുണ്ട്.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി ആര് എന്ന ചർച്ചയ്ക്ക് തുടക്കമിട്ടത് രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ എന്നാണ് പാർട്ടിയിലെ സംസാരം.പാർട്ടി ഒറ്റയ്ക്ക് പിടിക്കാൻ ആരും ശ്രമിക്കേണ്ടതില്ല എന്ന് ഹൈക്കമാന്റ് നേരത്തെ സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് മുനമ്പം സമരവേദിയിലും രമേശ് ചെന്നിത്തല എത്തും.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ മറികടന്ന് രമേശ് ചെന്നിത്തല വീണ്ടും അധികാര ഇടനാഴിയിലേക്ക് മടങ്ങി വരുമോ എന്നതാണ് രാഷ്ട്രീയ കൗതുകം . രമേശ് ചെന്നിത്തലയ്ക്കും ഐ ഗ്രൂപ്പിനും ഒപ്പം നിന്ന പല കോൺഗ്രസ് നേതാക്കളും ഇപ്പോൾ പ്രതിപക്ഷ നേതാവ് വി. ഡി സതീശന് ഒപ്പമാണ്. ഇവരെ വീണ്ടും ഒപ്പം കൂട്ടുകയാണ് രമേശ് ചെന്നിത്തലയുടെ അടുത്ത നീക്കം.