അനാചാരങ്ങളെ എതിർത്താണ് മന്നത്ത് പത്മനാഭൻ സാമൂഹിക പരിഷകരണം നടത്തിയത്’; ജി സുകുമാരൻ നായർക്ക് എം വി ഗോവിന്ദന്റെ മറുപടി
ക്ഷേത്രാചാര വിഷയത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അനാചാരങ്ങളെ എതിർത്താണ് മന്നത്ത് പത്മനാഭൻ സാമൂഹിക പരിഷകരണം നടത്തിയതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ശിവഗിരി മഠം നിലപാട് തുറന്ന് പറഞ്ഞെങ്കിലും വിഷയത്തിൽ വിവാദം അവസാനിച്ചെന്ന മറുപടിയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരണം ഒതുക്കി.
ശിവഗിരി തീർഥാടന സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അധ്യക്ഷൻ സ്വാമി സച്ചിദാനന്ദ നടത്തിയ പരാമർശവും അതിനെ പിന്തുണച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെയുമാണ് മന്നം ജയന്തി സമ്മേളനത്തിൽ ജി സുകുമാരൻ നായർ വിമർശിച്ചത്.
ക്ഷേത്രാചാരങ്ങൾ മാറണമെന്ന സ്വാമി സച്ചിദാനന്ദയുടെ നിലപാടിൽ ശിവഗിരിയെന്ന് എടുത്തു പറഞ്ഞാണ് ജി സുകുമാരൻ നായർ ഇന്നലെ വിമർശനം നടത്തിയത്. എന്നാൽ ക്ഷേത്രാചാര വിഷയത്തിൽ വെള്ളാപ്പള്ളി നടേശൻ നിലപാട് പറയാൻ തയ്യാറായില്ല.
മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയാണ് ക്ഷേത്രാചാര വിഷയത്തിൽ ജി സുകുമാരൻ നായർ നിലപാട് വ്യക്തമാക്കിയത്. എന്നാൽ വിവാദത്തിന് ഇല്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ക്ഷേത്രത്തിലെ വസ്ത്ര ധാരണം സംബന്ധിച്ച് ആരോഗ്യകരമായ ചർച്ച നടക്കട്ടെയെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രതികരണം.