KeralaTop News

ക്ഷേത്രത്തിൽ മേൽവസ്ത്രം പാടില്ലെന്ന പരാമർശം; മുഖ്യമന്ത്രിയുടെയും പ്രസ്താവനകളിൽ വിവാദം തുടരുന്നു

Spread the love

ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ മേൽവസ്ത്രം പാടില്ലെന്ന ആചാരം മാറ്റണമെന്ന ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെയും പിന്തുണച്ച മുഖ്യമന്ത്രിയുടെയും പ്രസ്താവനകളിൽ വിവാദം തുടരുന്നു. മുഖ്യമന്ത്രിയുടെ സനാതന ധർമ പരാമർശം ഏറ്റെടുത്ത ബിജെപി വിഷയത്തിൽ കൂടുതൽ പ്രതിഷേധം നടത്താനും ആലോചിക്കുന്നുണ്ട്.

മുഖ്യമന്ത്രിയെ പിന്തുണക്കുന്ന സിപിഐഎം ആകട്ടെ വിഷയം ബിജെപി ആയുധം ആക്കാതിരിക്കാൻ തുടർ പ്രതികരണം വേണ്ട എന്ന നിലപാടിലാണ്. അതേസമയം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ വിമർശനത്തിൽ സിപിഐഎം നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിജെപിയെ സഹായിക്കാനാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന എന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം.

മന്നംജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനത്തിലാണ് ക്ഷേത്രത്തിലെ വസ്ത്രധാരണയെ വിവാദത്തിൽ മുഖ്യമന്ത്രിയെയും ശിവഗിരി മഠത്തെയും ജി സുകുമാരൻ നായർ കടന്നാക്രമിച്ചത്. ഓരോ ക്ഷേത്രത്തിനും ഓരോ ആചാരമാണെന്നും അത് തിരുത്താനാകില്ലെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. ഇതര മതത്തിലെ ആചാരങ്ങളിൽ ഇടപെടാൻ ധൈര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഇതോടെ വസ്ത്രധാരണ വിവാദത്തിൽ സർക്കാർ നിലപാടിൽ ഉറച്ചുനിൽക്കുമോ എന്നതാണ് നോക്കി കാണേണ്ടത്.