പാലക്കാട് ബിജെപിയിൽ വീണ്ടും പൊട്ടിത്തെറി; ജില്ലാ കമ്മിറ്റിയംഗം സുരേന്ദ്രൻ തരൂർ പാര്‍ട്ടി വിടുന്നു
പാലക്കാട് ബിജെപിയിൽ വീണ്ടും പൊട്ടിത്തെറി. ജില്ലാ കമ്മറ്റി അംഗം സുരേന്ദ്രൻ തരൂർ പാർട്ടി വിട്ട് എവി ഗോപിനാഥ് നേതൃത്വം നൽകുന്ന വികസനമുന്നണിയിൽ പ്രവർത്തിക്കും. ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയമായ ഇടപെടലുകളാണ് പാർട്ടി വിടാൻ കാരണമെന്ന് സുരേന്ദ്രൻ തരൂർ പറഞ്ഞു
പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന തരൂർ സുരേന്ദ്രൻ പാലക്കാട് ഉപതിരഞ്ഞെടുപ്പ് കാലത്തടക്കം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ വിമർശിച്ച് ബിജെപി ജില്ലാ വാട്സ്ആപ്പ് ഗ്രൂപ്പിൽ സുരേന്ദ്രൻ പോസ്റ്റ് ഇട്ടതിനെതുടർന്ന് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി വിടാനുള്ള തീരുമാനം.
പെരിങ്ങോട്ടുകുറിശിയിൽ 5ന് ചേരുന്ന പൊതുയോഗത്തിൽ തരൂർ സുരേന്ദ്രനും സംഘവും വികസന മുന്നണിയിൽ ചേരും. നൂറോളം പേർ ഒപ്പം തനിക്കൊപ്പം മുന്നണിയിൽ ചേരുമെന്നാണ് സുരേന്ദ്രൻ തരൂർ പറയുന്നത്.സംസ്ഥാന ജനറൽ സെക്രട്ടറിയെ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ അറിയിച്ചെങ്കിലും അവഗണിച്ചു. 5ന് നടക്കുന്ന പൊതുയോഗത്തിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും സുരേന്ദ്രൻ തരൂർ പറയുന്നു.എന്നാൽ താൻ നിർദേശിക്കുന്നയാളെ മണ്ഡലം പ്രസിഡന്റ് ആക്കാത്തതിലെ വിരോധമാണ് സുരേന്ദ്രന്റെ പിണക്കത്തിന് കാരണമെന്നാണ് ജില്ലാ നേതൃത്വം വിശദീകരിക്കുന്നത്.
നേരത്തെ ജെപി നദ്ദ പങ്കെടുത്ത യോഗത്തിലേക്ക് മുൻകോൺഗ്രസ് നേതാവ് എവി ഗോപിനാഥ്നെ പ്രാദേശിക നേതൃത്വം അറിയാതെ ക്ഷണിച്ചതിന് വിമർശനവുമായി സുരേന്ദ്രൻ തരൂർ രംഗത്തെത്തിയിരുന്നു.