Monday, March 10, 2025
Latest:
Top NewsWorld

കൈമാറ്റത്തിനായുള്ള പ്രധാന നടപടിക്രമങ്ങൾ ബംഗ്ലാദേശ് സ്വീകരിച്ചില്ല; ഷെയ്ഖ് ഹസീനയെ ഇന്ത്യ കൈമാറിയേക്കില്ല

Spread the love

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ കൈമാറിയേക്കില്ല. കൈമാറ്റത്തിനായി വേണ്ട പ്രധാന നടപടിക്രമങ്ങൾ ബംഗ്ലാദേശ് സ്വീകരിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.സങ്കീർണമായ പ്രശ്നങ്ങളിൽ കുറിപ്പിലൂടെ കൈമാറ്റ അഭ്യർത്ഥന നടത്തിയതിൽ ഇന്ത്യക്ക് അതൃപ്‌തിയുണ്ടെന്നാണ് വിവരം.

ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടുന്നതിന് വേണ്ടിയുള്ള അപേക്ഷ ബംഗ്ലാദേശ് ഹൈ കമീഷൻ വിദേശകാര്യമന്ത്രാലയത്തിന് നൽകിയിട്ടുണ്ട്. ഡിസംബർ 23ാം തീയതിയാണ് ഇത്തരമൊരു അപേക്ഷ സമർപ്പിച്ചത്. നിലവിൽ ബംഗ്ലാദേശ് നൽകിയിട്ടുള്ള അപേക്ഷ ഷെയ്ഖ്ഹ സീനയെ വിട്ടുകൊടുക്കുന്നതിന് പര്യാപ്തമല്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.

ധാക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ (ഐ.സി.ടി) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന്റെ അടിസ്ഥാനത്തിലാണിപ്പോള്‍ ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് ബംഗ്ലാദേശ് ഔദ്യോഗികമായി അറിയിച്ചത്. ഷെയ്ഖ് ഹസീനയ്ക്കും കൂടെയുണ്ടായിരുന്ന മന്ത്രിമാര്‍ക്കും മുതിര്‍ന്ന ഉപദേഷ്ടാക്കള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരേ ഐ.സി.ടി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഹസീനയ്‌ക്കെതിരേ കൂട്ടക്കൊലയാണ് ചുമത്തിയിരിക്കുന്നത്.

ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ കുറ്റവാളികളെ കൈമാറല്‍ കരാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് ഇപ്പോള്‍ ബംഗ്ലാദേശ് ആവശ്യപ്പെട്ടിരിക്കുന്നത്.