Saturday, January 4, 2025
Latest:
KeralaTop News

‘ക്ഷേത്രത്തിലെ വസ്ത്രധാരണത്തിൽ മാറ്റം വേണം’; സുകുമാരൻ നായരുടേത് മന്നത്തിന്‍റെ അഭിപ്രായമല്ലെന്ന് സ്വാമി സച്ചിദാനന്ദ

Spread the love

ക്ഷേത്രത്തിലെ വസ്ത്രധാരണ വിവാദത്തിൽ എൻഎസ്എസ് നിലപാടിനെതിരെ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ജി.സുകുമാരൻ നായർ പറയുന്നത് പഴയ ആചാരങ്ങൾ അതുപോലെ നിലനിർത്തണമെന്നാണ്. മന്നത്ത് പത്മനാഭന്റെ അഭിപ്രായത്തിന് വിപരീതമായാണ് സുകുമാരൻ നായർ പറയുന്നതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ക്ഷേത്രത്തിൽ മേൽ മുണ്ട് ധരിക്കാതെ കേറുന്നതിനെതിരായ മുഖ്യമന്ത്രിയുടെയും ശിവഗിരി മഠത്തിന്റെയും നിലപാടിനെതിരെ ഇന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രംഗത്തെത്തിയിരുന്നു.

മന്നംജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനത്തിലാണ് ക്ഷേത്രത്തിലെ വസ്ത്രധാരണയെ വിവാദത്തിൽ മുഖ്യമന്ത്രിയും ശിവഗിരി മഠത്തെയും കടന്നാക്രമിച്ച് ജി സുകുമാരൻ നായർ രൂക്ഷ വിമർശനമുന്നയിച്ചത്. ശ്രീനാരായണക്ഷേത്രങ്ങളിൽ മാറ്റം വരുത്തണമെങ്കിൽ അങ്ങനെയാകാം. ഓരോ ക്ഷേത്രത്തിനും ഓരോ ആചാരമാണെന്നും അത് തിരുത്താനാകില്ലെന്നും ജി സുകുമാരൻ നായർ എൻഎസ്എസ് നിലപാട് പരസ്യപ്പെടുത്തി. പിന്നാലെ സുകുമാരൻ നായർക്ക് മറുപടിയുമായി സ്വാമി സച്ചിദാനന്ദയും രംഗത്തെത്തുകയായിരുന്നു.

ഹൈന്ദവ സമൂഹത്തിൽ ഉണ്ടാകേണ്ട പരിഷ്കരണത്തെ കുറിച്ചാണ് താൻ പറഞ്ഞത്. സുകുമാരൻ നായർ പറയുന്നത് പഴയ ആചാരങ്ങൾ അതുപോലെ നിലനിർത്തണമെന്നാണ്. മന്നത്ത് പത്മനാഭന്റെ അഭിപ്രായത്തിന് വിപരീതമായാണ് സുകുമാരൻ നായർ പറയുന്നതെന്നും സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി.