Saturday, January 4, 2025
Latest:
KeralaTop News

‘2570 ഏക്കർ ഏറ്റെടുക്കാം’ ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമിയിലെ സാമൂഹികാഘാത പഠന റിപ്പോർട്ട്

Spread the love

കോട്ടയം: നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമി ഏറ്റെടുക്കാമെന്ന് സാമൂഹികാഘാത പഠന റിപ്പോർട്ട്. തൃക്കാക്കര ഭാരത്‍ മാതാ കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം നടത്തിയ പഠന റിപ്പോർട്ട് കോട്ടയം ജില്ലാ കളക്ടർക്ക് കൈമാറി. പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുളള നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. വിശദമായ റിപ്പോർട്ട് കളക്ടർ സംസ്ഥാന സർക്കാരിന് കൈമാറും.

എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി 2570 ഏക്കർ ഭൂമിയാണ് നിർദ്ദിഷ്ട ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി കണ്ടെത്തിയത്. ഇതിൽ 2263 ഏക്ക‍ർ ചെറുവളളി എസ്റ്റേറ്റും 307 ഏക്കർ സ്വകാര്യ ഉടമസത്ഥതയിലുള്ള ഭൂമിയുമാണ്. ഈ മേഖലയിൽ 2 മാസം കൊണ്ടാണ് തൃക്കാക്കര ഭാരത്‍മാത കോളേജിലെ സോഷ്യൽ വർക്ക് മേധാവിയുടെ നേതൃത്വത്തിലുളള സംഘ പഠനം നടത്തിയത്. പഠന റിപ്പോർട്ട് പ്രകാരം 382 കുടുംബങ്ങളെ വിമാനത്താവള പദ്ധതി ബാധിക്കും.

എസ്റ്റേറ്റിലെ ലയത്തിൽ താമസിക്കുന്ന 238 കുടുംബങ്ങളെയും പുറത്ത് താമസിക്കുന്ന 114 കുടുംബങ്ങളെയും മാറ്റി താമസിപ്പിക്കണം. ഇതിൽ ഭൂരിഭാഗം കുടുംബങ്ങളിലുള്ളവർക്കും തൊഴിൽ നഷ്ടപ്പെടും. ഇതെല്ലാം കണക്കിലെടുത്ത് സമഗ്രമായ പുനരധിവാസ പാക്കേജും നഷ്ടപരിഹാരവും ഉറപ്പ് വരുത്തണമെന്നാണ് പഠന റിപ്പോർട്ടിലെ പ്രധാന നി‍ർദേശം. പദ്ധതി പ്രദേശത്ത് ഒരു സ്കൂളും ഏഴ് ആരാധനലയങ്ങളുമുണ്ട്. ഇവ മാറ്റി സ്ഥാപിക്കുകയോ സംരക്ഷിക്കുകയോ ചെയ്യണം. പ്രദേശത്തെ കച്ചവട വാണിജ്യ സ്ഥാപങ്ങൾക്കുണ്ടാവുന്ന നഷ്ടവും നികത്തണം.

വിമാനത്താവളത്തിന്‍റെ നിർമ്മാണം തുടങ്ങുന്ന ഘട്ടത്തിൽ പ്രാദേശത്തെ തൊഴിലാളികൾക്ക് ജോലി നൽകാനുളള സൊകര്യമൊരുക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. രണ്ട് വർഷം മുമ്പ് സാമൂഹികാഘാത പഠനത്തിനായി സർക്കാർ ഇറക്കിയ വിജ്ഞാപനം റദ്ദാക്കിയ ശേഷമാണ് ഭാരത് മാത കോളേജിനെ പഠനത്തിനായി ചുമതലപ്പെടുത്തിയത്.