കൊച്ചി ഫ്ലവർ ഷോ; കോർപ്പറേഷൻ സ്റ്റോപ്പ് മെമോ നൽകിയിട്ടും പരിപാടി തുടർന്ന് അധികൃതർ
കൊച്ചിയിൽ കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന ഫ്ലവർ ഷോ നിർത്തിവെക്കാൻ സ്റ്റോപ്പ് മെമോ നൽകിയിട്ടും പരിപാടി തുടർന്ന് അധികൃതർ. കൊച്ചി കോർപ്പറേഷൻ നൽകിയ സ്റ്റോപ്പ് മെമോ വകവെക്കാതെയാണ് ഫ്ലവർ ഷോ നടക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് ഫ്ലവർ ഷോ അധികൃതരുടെ പ്രതികരണം. എറണാകുളം ജില്ലാ അഗ്രി – ഹോർട്ടികൾച്ചർ സോസൈറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
സ്റ്റോപ്പ് മെമോ
‘‘യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ നടത്തി വരുന്ന ഫ്ലവർ ഷോ ഉടനെ നിർത്തി വയ്ക്കേണ്ടതാണെന്നും പരിപാടിയിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിക്കുകയാണെങ്കിൽ ഉത്തരവാദിത്തം സംഘാടകർക്കും ജിസിഡിഎ അധികൃതർക്കുമായിരിക്കും’’ എന്ന് നോട്ടിസിൽ പറയുന്നു.മറൈൻഡ്രൈവിൽ 54,000 ചതുരശ്രയടി സ്ഥലത്ത് നടക്കുന്ന ഫ്ലവർ ഷോയ്ക്ക് ഒട്ടേറെ കാഴ്ചക്കാരാണ് ദിവസവും വന്നു പോകുന്നത്.
ഇന്നലെ ഫ്ലവർ ഷോയുടെ വേദിയിൽ നിന്ന് വീണ് വീട്ടമ്മയുടെ കൈ ഒടിഞ്ഞിരുന്നു. പരുക്ക് പറ്റിയിട്ടും FIRST AID സൗകര്യം പോലും ഒരുക്കിയിരുന്നില്ലെന്നും സംഘാടകരെ വിവരമറിയിച്ചിട്ടും സഹായിച്ചില്ല, സ്വയം വാഹനം വിളിച്ചാണ് ആശുപത്രിയിൽ പോയത്. കൈക്ക് ഓടിവുണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും പരുക്കേറ്റ ബിന്ദു പറഞ്ഞു.
ഇന്നലെ സമാപിക്കേണ്ടിയിരുന്ന ഫ്ലവർ ഷോ ഇന്നത്തേക്കുകൂടി നീട്ടുകയായിരുന്നു. അതിനിടെയാണ് ഫ്ലവർ ഷോ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നൽകിയത്. കലൂര്‍ സ്റ്റേഡിയത്തിലെ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ നഗരത്തിൽ നടക്കുന്ന വിവിധ പരിപാടികളുടെ മാനദണ്ഡങ്ങൾ നഗരസഭ അധികൃതർ വിശകലനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഫ്ലവർ ഷോയുടെ സുരക്ഷയും പരിശോധിച്ചത്.