കോച്ചും കളിക്കാരും തമ്മിലുള്ള സംസാരങ്ങൾ ഡ്രസ്സിംഗ് റൂമിൽ തീരണം, ചില സമയത്ത് വാക്കുകൾ കടുപ്പിക്കേണ്ടി വരും’; ഗൗതം ഗംഭീർ
ഡ്രസിങ് റൂമിലെ ചർച്ചകൾ പുറത്തേക്ക് കൊണ്ടുപോകുന്നത് നല്ല പ്രവണതയല്ലെന്ന ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ. ഓസ്‌ട്രേലിയക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന് മുന്നോടിയായി നടന്ന വാർത്ത സമ്മേളനത്തിലാണ് ഗംഭീർ പ്രതികരിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉണ്ടാവുമോ എന്ന ചോദ്യത്തിന് ഗൗതം ഗംഭീര്‍ വ്യക്തമായ മറുപടി നല്‍കിയില്ല.
പതിവിന് വിപരീതമായി ഗംഭീര്‍ ഒറ്റയ്ക്കാണ് വാര്‍ത്താസമ്മേളനത്തിനെത്തിയത്. നാളെ പിച്ച് നോക്കിയായിരിക്കും ഇലവനെ തിരഞ്ഞെടുക്കുക എന്നായിരുന്നു ഗംഭീറിന്റെ മറുപടി. ‘കോച്ചും കളിക്കാരും തമ്മിലുള്ള സംസാരങ്ങൾ ഡ്രസ്സിംഗ് റൂമിൽ തുടരണം. ചില സമയത്ത് വാക്കുകൾ കടുപ്പിക്കേണ്ടി വരും, എല്ലാ സമയത്തും പൂർണ്ണ ചില്ലയി സംസാരിക്കാൻ കഴിയണമെന്നില്ല, ഗംഭീർ പറഞ്ഞു.
നാലാം ടെസ്റ്റ് തോറ്റതോടെ ഡ്രസിങ് റൂമിൽ ഗൗതം ഗംഭീർ നടത്തിയ വിമർശനങ്ങളാണ് ചർച്ചയാകുന്നത്. സീനിയർ താരങ്ങളുടെ പ്രകടനത്തിൽ നിശിത വിമർശനമുന്നയിച്ച ഗംഭീർ പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ സീനിയര്‍ താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കാന്‍ മടിക്കില്ലെന്ന് മുന്നറിയിപ്പും നല്‍കി.
ചില സീനിയർ താരങ്ങളുടെ മോശം പ്രകടനത്തെ തുടർന്ന് വെറ്ററൻ ബാറ്റർ ചേതേശ്വർ പുജാരയെ ടീമിലെത്തിക്കാൻ ഗംഭീർ നിർദേശിച്ചതും സെലക്ഷൻ കമ്മറ്റി ആ ആവശ്യം തള്ളിയതും ഇത് പോലെ വാർത്തയായിട്ടുണ്ട്. സെലക്ഷൻ കമ്മറ്റി ആവശ്യം തള്ളിയതിനെ തുടർന്ന് ഗംഭീർ അതൃപ്‍തി പ്രകടിപ്പിച്ചെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
സീനിയർ താരങ്ങളെ കൊണ്ട് തനിക്ക് മതിയായെന്നും പല കോണിൽ നിന്ന് താൻ ഇതിന്റെ പേരിൽ വിമർശനം നേരിടുകയാണെന്നും പറഞ്ഞ ഗംഭീർ ചില പുതുമുഖ താരങ്ങളാണ് ഇന്ത്യയെ വലിയ തകർച്ചയിൽ നിന്നും രക്ഷിക്കുന്നതെന്നും ഗംഭീർ കൂട്ടിച്ചേർത്തു.