സൈബര്‍ പോരാളികളെ നിയന്ത്രിക്കാന്‍ സിപിഐ; സൈബറിടങ്ങളില്‍ പാര്‍ട്ടി വിരുദ്ധ പോസ്റ്റിടുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും
സൈബര്‍ പോരാളികളെ നിയന്ത്രിക്കാന്‍ സിപിഐ. സൈബറിടങ്ങളില്‍ പാര്‍ട്ടി വിരുദ്ധ പോസ്റ്റിടുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും. സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പുതുക്കിയ പെരുമാറ്റ ചട്ടത്തിലാണ് ഇതുസംബന്ധിച്ച വ്യവസ്ഥയുള്ളത്.
സൈബറിടങ്ങളില്‍, പ്രത്യേകിച്ച് ഫേസ്ബുക്ക്, എക്‌സ്, തുടങ്ങിയ നവ മാധ്യമങ്ങളില്‍ സിപിഐക്കെതിരെയും നേതൃത്വത്തിനെതിരെയും പോസ്റ്റ് ഇടുന്നവരെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. സൈബര്‍ ഇടങ്ങളിലെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള വ്യവസ്ഥ നേരത്തെ സിപിഐയുമായി ബന്ധപ്പെട്ടില്ലായിരുന്നു. പെരുമാറ്റ ചട്ടം പുതുക്കിയപ്പോഴാണ് പുതിയ തീരുമാനം വന്നത്.
പാര്‍ട്ടിവിരുദ്ധ പോസ്റ്റ് ഇടുന്നവരെയും മറ്റുളളവര്‍ക്ക് പ്രേരണ നല്‍കുകയും ചെയ്യുന്നവര്‍ക്കെതിരെ പുറത്താക്കല്‍ ഉള്‍പ്പെടെയുളള നടപടികള്‍ക്കാണ് ശിപാര്‍ശ. പാര്‍ട്ടി വിരുദ്ധ പോസ്റ്റിടുന്നവരോട് അത് നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടാം. മുന്നറിയിപ്പ് അവഗണിച്ചാല്‍ ഉപരിഘടകവുമായി ആലോചിച്ച് പാര്‍ട്ടി
ഘടകത്തിന് നടപടി എടുക്കാം.
മൂന്ന് പേരടങ്ങുന്ന കമ്മറ്റിയാണ് പെരുമാറ്റ ചട്ടം പുതുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരന്‍, കൊല്ലത്ത് നിന്നുള്ള സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ആര്‍ രാജേന്ദ്രന്‍ എന്നിവരടങ്ങുന്ന കമ്മറ്റിയാണ് പുതുക്കിയ നിര്‍ദേശങ്ങള്‍ പെരുമാറ്റ ചട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത്.