മന്നം ജയന്തി ആഘോഷം: പൊതുസമ്മേളനം ഇന്ന് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും; ചെന്നിത്തല NSS ആസ്ഥാനത്ത് എത്തുന്നത് 11 വര്‍ഷം നീണ്ട അകല്‍ച്ച അവസാനിപ്പിച്ച്
മന്നം ജയന്തി ആഘോഷത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഇന്ന് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. നേരത്തെ മുഖ്യപ്രഭാഷകന്‍ ആയാണ് ചെന്നിത്തലയെ എന്‍എസ്എസ് ക്ഷണിച്ചത്. അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണിയായിരുന്നു നേരത്തെ നിശ്ചയിച്ച ഉദ്ഘാടകന്‍. അദ്ദേഹത്തിന് പങ്കെടുക്കാന്‍ അസൗകര്യം അറിയിച്ചതോടെയാണ് ചെന്നിത്തലയെ ഉദ്ഘാടകനായി നിശ്ചയിച്ചത്.
11 വര്‍ഷം നീണ്ട അകല്‍ച്ച അവസാനിപ്പിച്ചാണ് ചെന്നിത്തല ഇന്ന് എന്‍എസ്എസ് ആസ്ഥാനത്ത് എത്തുന്നത്. രമേശ് ചെന്നിത്തലയെ എന്‍എസ്എസ് ക്ഷണിച്ചതിന് പിന്നാലെ വലിയ രാഷ്ട്രീയ വിവാദമായി ഇത് മാറി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെന്ന് ചര്‍ച്ചയില്‍ രമേശ് ചെന്നിത്തലയ്ക്ക് മുന്‍തൂക്കവും ലഭിച്ചു. കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി തുടരുന്ന സാഹചര്യത്തിലാണ് ചെന്നിത്തലയെ മന്നംജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനകനായും തീരുമാനിച്ചത്. താക്കോല്‍സ്ഥാന പരാമര്‍ശത്തെ തുടര്‍ന്ന് 2013 ലാണ് ചെന്നിത്തല എന്‍എസ്എസുമായി അകന്നത്. പിന്നീട് എന്‍എസ്എസിന്റെ ഒരു പരിപാടിയിലും ചെന്നിത്തലക്ക് ക്ഷണം ഉണ്ടായിരുന്നില്ല.
അതേസമയം, എന്‍എസ്എസിന്റേയും എസ്എന്‍ഡിപിയുടേയും മാത്രമല്ല, മുഖ്യമന്ത്രി തര്‍ക്കത്തില്‍ ലീഗിന്റേയും പിന്തുണ രമേശ് ചെന്നിത്തലക്കെന്ന് സൂചന. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായ പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനത്തിലേക്ക് രമേശ് ചെന്നിത്തലക്ക് ക്ഷണം . കാന്തപുരം എ പി വിഭാഗവുമായി അടുക്കാനുള്ള ശ്രമം മുസ്ലിം ലീഗ് സജീവമാക്കി.
രമേശ് ചെന്നിത്തലയെ പിന്തുണച്ചും വി ഡി സതീശനെ വിമര്‍ശിച്ചും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തിയിരുന്നു. ഇനി ഈഴം മുസ്ലിം ലീഗിന്റേതാണ്. സമസ്തയുടെ സ്ഥാപനമാണ് ജാമിയ നൂരിയയെങ്കിലും നിയന്ത്രണം മുസ്ലിം ലീഗിനാണ്. നാലാം തീയതിയാണ് രമേശ് ചെന്നിത്തല പങ്കെടുക്കുന്ന പരിപാടി. രമേശ് ചെന്നിത്തലയെ ക്ഷണിച്ചതിലൂടെ കൃത്യമായ സന്ദേശമാണ് ലീഗ് നേതൃത്വം നല്‍കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.