അനില്‍ അംബാനിയുടെ കമ്പനിയില്‍ കെ.എഫ്.സി 60 കോടി നിക്ഷേപിച്ചു; തിരിച്ചു കിട്ടിയത് 7 കോടി മാത്രം; വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെതിരെ(കെ.എഫ്.സി) ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുങ്ങാന്‍ പോകുന്നു എന്ന് ഉറപ്പായ അനില്‍ അംബാനിയുടെ കമ്പനിയില്‍ 60 കോടി രൂപയുടെ നിക്ഷേപം നടത്തിയെന്നാണ് ആരോപണം. റിലയന്‍സ് കമഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് ( RCFL) എന്ന കമ്പനിയിലാണ് കോടികള്‍ നിക്ഷേപിച്ചത്. 2018 ല്‍ അനില്‍ അമ്പാനിയുടെ കമ്പനികള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്തായിരുന്നു നിക്ഷേപം. 60 കോടി 80 ലക്ഷം രൂപയാണ് ഈ സമയത്ത് നിക്ഷേപിച്ചത്. ഇക്കാര്യം കെ.എഫ്.സി.യുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍നിന്ന് മറച്ചുവെച്ചു – വി ഡി സതീശന്‍ ആരോപിച്ചു.
2018- 19 ലും, 2019-20 ലലെയും വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഈ കമ്പനിയുടെ പേരില്ല. 2020- 21 ലാണ് കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഈ പേര് വരുന്നത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണം നിക്ഷേപിക്കരുതെന്ന് ചട്ടമുണ്ട്. 2019 ല്‍ റിലയന്‍സ് കമഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് പ്രവര്‍ത്തനം നിര്‍ത്തി. 7 കോടി 9 ലക്ഷം രൂപയാണ് കിട്ടിയത്. പലിശയടക്കം കിട്ടേണ്ട 101 കോടി നഷ്ടപ്പെട്ടു. ചെറുകിട കമ്പനികള്‍ക്ക് കിട്ടേണ്ട തുകയാണിത്. ഗുരുതരമായ കുറ്റവും ഗുരുതരമായ അഴിമതിയുമാണ് നടന്നത് – പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഒരു ഗ്യാരന്റിയും ഇല്ലാതെയാണ് പണം നിക്ഷേപിച്ചത്. ഇത് അറിയാതെ പറ്റിയ അബദ്ധമല്ല. വിഷയത്തില്‍ അടിയന്തര അന്വേഷണം വേണം. ചെറുകിട കമ്പനികളെ സഹായിക്കുക എന്നതാണ് കെ.എഫ്.സിയുടെ ദൗത്യം. ഭരണ നേതൃത്വത്തിന്റെ അറിവോടെയാണ് നടന്നത്. ഇത്രയും പണം നഷ്ടപ്പെട്ടു എന്നത് ബോധപൂര്‍വ്വം മറച്ചുവെച്ചു. കമ്പനി പ്രവര്‍ത്തനം നിര്‍ത്തുമെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് പണം നിക്ഷേപിച്ചത് – വിഡി സതീശന്‍ ആരോപിച്ചു.