മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ചുള്ള എ വിജയരാഘവന്റെ പ്രസംഗം: സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം
മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ചുള്ള സിപിഐഎം പി ബി അംഗം എ വിജയരാഘവന്റെ പ്രസംഗത്തിന് എതിരെ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പൊതു ചര്‍ച്ചയില്‍ വിമര്‍ശനം. തൊഴില്‍ എടുക്കുന്നവരെ അപമാനിക്കുന്ന തരത്തിലുള്ള വിമര്‍ശനം ശരിയല്ലെന്ന് ആയിരുന്നു ചര്‍ച്ചയില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം.
ഉദ്ഘാടന പ്രസംഗത്തില്‍ മാധ്യമ പ്രവര്‍ത്തകരെ മാപ്രകള്‍ എന്ന് പലവട്ടം അധിക്ഷേപിച്ചിരുന്നു. ഇതിനെതിരെയും വിമര്‍ശനമുയര്‍ന്നു. വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായത്തിനായി കേരളം ഒന്നും ചോദിച്ചില്ലെന്നാണ് മാധ്യമങ്ങള്‍ പറയുന്നതെന്നും സര്‍വവിജ്ഞാനകോശം തങ്ങളാണെന്നാണ് മാധ്യമങ്ങളുടെ വിചാരമെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു. ചാനല്‍ ചര്‍ച്ചയില്‍ അവതാരകരായി ഇരിക്കുന്നത് ആല്‍ബര്‍ട് ഐന്‍സ്റ്റീനേക്കാള്‍ വലിയ കണക്ക് വിദഗ്ധരാണ്. മാധ്യമങ്ങള്‍ക്ക് കമ്യൂണിസ്റ്റ് വിരോധമാകാം, എന്നാല്‍ കുറച്ച് മനുഷ്യത്വം കൂടി വേണം. ജനപ്രിയ ഗവര്‍ണര്‍ പോയെന്ന് മാധ്യമങ്ങള്‍ എഴുതി. ആ ഗവര്‍ണര്‍ നാടിനോട് ചെയ്ത ദ്രോഹം ഒരു വരിയെങ്കിലും എഴുതിയ മാധ്യമങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊലീസിനെ നിയന്ത്രിക്കാന്‍ പലപ്പോഴും കഴിയുന്നില്ല എന്നും വിമര്‍ശനമുയര്‍ന്നു. മന്ത്രി മുഹമ്മദ് റിയാസും വി അബ്ദുറഹ്മാനും സ്വന്തം മണ്ഡലങ്ങള്‍ മാത്രം കേന്ദ്രീകരിച്ച് ആണ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത് എന്നും ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു.