Saturday, January 4, 2025
Latest:
KeralaTop News

ബേപ്പൂർ കടപ്പുറത്തെ ആത്മഹത്യാ കുറിപ്പും ബാഗും വൻ നാടകത്തിന്റെ ഭാഗം; പദ്ധതി പൊളിഞ്ഞ് ഒടുവിൽ പൊലീസിന്റെ കൈയിൽ

Spread the love

മലപ്പുറം: പോക്സോ കേസിൽ ശിക്ഷ ഉറപ്പാകുമെന്ന് കണക്കുകൂട്ടിയതോടെ ആത്മഹത്യാ നാടകം കളിച്ച പ്രതി വലയിൽ. പള്ളാട്ടിൽ മുഹമ്മദ് നാഫി(24)യേയാണ് കാളികാവ് പൊലീസ് ആലപ്പുഴയിൽ നിന്ന് പിടികൂടിയത്. മലപ്പുറം മാളിയേക്കലിൽ നിന്നുമാണ് നാഫിയെ കാണാതായത്. രണ്ടുമാസം മുമ്പാണ് സംഭവം. നാഫിയെ കാണാതായതിനെ തുടർന്ന് മാതാവ് പൊലീസിൽ പരാതി നൽകിയിരുന്നു.

പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ ബേപ്പൂർ കടപ്പുറത്തു നിന്നും ആത്മഹത്യാ കുറിപ്പ് അടങ്ങിയ ഒരു ബാഗ് കണ്ടെടുക്കുകയും ചെയ്തു. കടലിൽ ചാടി ആത്മഹത്യ നടത്തിയെന്ന് വരുത്തിത്തീർക്കാനായിരുന്നു പ്രതിയുടെ ലക്ഷ്യം.

തുടർന്ന് കാളികാവ് പോലീസ്, ബേപ്പൂർ സ്റ്റേഷൻ പരിധിയിലെ കരയിലും സമീപ പ്രദേശങ്ങളിലെ തീരദേശ പൊലീസ് സ്റ്റേഷനുകളിലും നേരിട്ട് പോയി അന്വേഷണം നടത്തി. എല്ലാ തീരദേശ പൊലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം കൈമാറുകയും ചെയ്തു. കടലിൽ കാണപ്പെട്ട എട്ടോളം അഞ്ജാത മൃതദേഹങ്ങൾ പരിശോധിക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നുവെങ്കിലും കാണാതായ മുഹമ്മദ് നാഫിയെക്കുറിച്ച് യാതൊരു തുമ്പും കിട്ടിയിരുന്നില്ല.

എറണാകുളത്ത് ജോലി ചെയ്യുന്ന ബ്യൂട്ടി സലൂണിലേക്കെന്ന് പറഞാണ് നാഫി വീട്ടിൽ നിന്ന് ഇറങ്ങിയത്. ഇയാൾ പ്രതിയായ പോക്സോ കേസിന്റെ വിചാരണ പെരിന്തൽമണ്ണ പോക്സോ കോടതിയിൽ അന്തിമഘട്ടത്തിലാണ്. ഈ കേസിൽ ശിക്ഷ ഉറപ്പായ നാഫി ശിക്ഷയിൽനിന്നും രക്ഷപ്പെടുന്നതിനായാണ് ആത്മഹത്യാ നാടകം ഒരുക്കിയത്.

നാഫിയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ സാധ്യതയുള്ള മുപ്പതോഓളം ആളുകളെ കേന്ദ്രീകരിച്ച് ശാസ്ത്രീയമായി നടത്തിയ നിരീക്ഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഒടുവിൽ ഇയാൾ ആലപ്പുഴയിൽ ഉണ്ടെന്ന് കണ്ടെത്തി. ഒളിവിൽ പോയതിന് ശേഷം വീട്ടുകാരുമായോ, സുഹൃത്തുകളുമായോ ഒരിക്കൽ പോലും ഫോണിൽ ബന്ധപ്പെട്ടിരുന്നില്ല. മറ്റൊരാളുടെ അഡ്രസ്സിൽ എടുത്ത ഫോൺ നമ്പറാണ് ഉപയോഗിച്ചിരുന്നത്.

കാളികാവ് പോലീസ് ഇൻസ്പെക്ടർ വി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തിയത്. എസ് ഐ. വി ശശിധരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി അബ്ദുൽസലീം, വി വ്യതീഷ്, റിയാസ് ചീനി, അരുൺ കുറ്റി പുറത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.