‘മോദി രാഷ്ട്രീയത്തെ ഇല്ലാതാക്കുക’ ; ലണ്ടനിൽ ഖലിസ്ഥാൻ അനുകൂല വാദികളുടെ പ്രതിഷേധം ശക്തം
ലണ്ടൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഖലിസ്ഥാൻ അനുകൂല പ്രതിഷേധക്കാർ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിനു പുറത്ത് തടിച്ചുകൂടി. പ്രകടനത്തിൽ ഒരു കൂട്ടം പ്രതിഷേധക്കാർ “മോദി രാഷ്ട്രീയത്തെ ഇല്ലാതാക്കുക” എന്ന മുദ്രാവാക്യവും മുഴക്കിയിരുന്നു.
ഇന്ത്യയിൽ നിന്ന് വേർപെടുത്തി സിഖ് മതത്തിലുള്ളവർക്ക് സ്വതന്ത്രമായൊരു രാജ്യമാണ് ഖലിസ്ഥാൻ വാദികൾ ആവശ്യപ്പെടുന്നത്. പ്രതിഷേധക്കാരുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഖലിസ്ഥാൻ അനുകൂല പ്രതിഷേധക്കാർ ഖലിസ്ഥാനി പതാകകൾ വീശുന്നതും ഒത്തു കൂടി മുദ്രാവാക്യം വിളിക്കുന്നതും വീഡിയോയിൽ കാണാം. പ്രതിഷേധം നടക്കുന്ന പ്രദേശത്ത് ഹൈക്കമ്മീഷൻ സുരക്ഷ വർധിപ്പിച്ചു. അതേ സമയം ഹൈക്കമ്മീഷൻ ഇതു വരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കാനഡയിലെ ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തിന് സമീപം ഖാലിസ്ഥാനി തീവ്രവാദികളുടെ പ്രതിഷേധത്തിനിടെ ഭക്തർ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ നവംബർ 4 ന് ഒരു പ്രസ്താവന ഇറക്കി ഒരു മാസത്തിന് ശേഷമാണ് ഇത്.
നേരത്തെ ഇന്ത്യയിലേക്കുള്ള വിമാന യാത്രക്കാര്‍ക്ക് അധിക സ്ക്രീനിംഗ് ഏര്‍പ്പെടുത്തി ദിവസങ്ങൾക്ക് ശേഷം തീരുമാനം പിൻവലിച്ച് കാനഡ. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് കാനഡയുടെ നടപടികൾ. അതേസമയം, താൽക്കാലികമായി ഏര്‍പ്പെടുത്തിയ അധിക സുരക്ഷാ സ്ക്രീനിംഗ് നടപടികൾ യാത്രക്കാർക്ക് കാലതാമസമുണ്ടാന്നുവെന്ന് കാനഡയിലെ ഗതാഗത മന്ത്രി അനിത ആനന്ദ് തിങ്കളാഴ്ച പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇത് പിൻവലിച്ചതായി അറിയിപ്പെത്തിയത്.