‘ഈ രാജ്യത്തിന് മകളെ വിട്ടുകൊടുക്കരുത്, കുറച്ച് ദിവസങ്ങളേയുള്ളു അവളെ രക്ഷിക്കണം’; നിമിഷപ്രിയയുടെ അമ്മ
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് അമ്മ പ്രേമകുമാരി
. ഇതുവരെ കൂടെനിന്ന എല്ലാവരോടും നന്ദിയുണ്ട്. മകളുടെ ജീവൻ രക്ഷിക്കാൻ എല്ലാവരും സഹായിക്കണമെന്നും ഇനി കുറച്ചു ദിവസം മാത്രേ അതിന് സാവകാശം ഉള്ളൂ, ഈ രാജ്യത്തിന് മകളെ വിട്ടുകൊടുക്കരുതെന്നും അമ്മ പ്രേമകുമാരി പറഞ്ഞു.
കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്ദുൽ മഹ്‌ദിയുടെ കുടുംബത്തിന് നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കേണ്ടതുണ്ടെന്ന് യമനിലുള്ള ആക്ടിവിസ്റ്റ് സാമുവല്‍ ജെറോം പറഞ്ഞു. വധശിക്ഷ റദ്ദാക്കാനുള്ള ഏക മാർഗം തലാലിന്റെ കുടുംബം മാപ്പ് നൽകലാണെന്നും സാമുവൽ ജെറോം കൂട്ടിച്ചേർത്തു. നിലവിൽ യമൻ പ്രസിഡന്റ്റ് ഒപ്പുവെച്ച പേപ്പർ പ്രോസിക്യൂട്ടറുടെ പക്കലാണ് ഉള്ളത്. രണ്ടോ മൂന്നോ ആഴ്ചകൾ മാത്രമാണ് നിമിഷയെ രക്ഷിക്കാനായി മുന്നിൽ ഉള്ളതെന്നും സാമുവൽ ജെറോം പറഞ്ഞു. നിമിഷപ്രിയയുടെ മോചനശ്രമം ഇനിയും തുടരാനാകുന്നതാണെന്നും ദയാധനം സ്വീകരിക്കുന്നതിൽ അന്തിമതീരുമാനം ഉണ്ടാകേണ്ടതു തലാലിന്റെ കുടുംബത്തിൽനിന്നാണെന്നും സാമുവൽ ജെറോം പറഞ്ഞു.
നിമിഷപ്രിയയുടെ മോചനത്തിനുള്ള സാധ്യത അടഞ്ഞിട്ടില്ല . കൊല്ലപ്പെട്ട തലാലിൻറെ കുടുംബമാണ് അന്തിമ തീരുമാനം എടുക്കേണ്ടത് ഒത്തുതീർപ്പിനുള്ള ചർച്ചകൾ തുടരുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ ശിക്ഷ ശരിവച്ചത് സാങ്കേതിക നടപടി മാത്രമാണ്.
2017ലായിരുന്നു കേസിനാസ്പദമായ സംഭവം. യമൻ പൗരൻ തലാൽ അബ്ദുൽ മഹ്ദിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് നിമിഷപ്രിയ വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്നത്. 2018ലായിരുന്നു നിമിഷപ്രിയയ്ക്കെതിരെ യമൻ കോടതി വധശിക്ഷ വിധിച്ചത്. വിധിക്കെതിരെ അപ്പീൽ നൽകിയെങ്കിലും 2020ൽ യമനിലെ അപ്പീൽ കോടതി ശിക്ഷ ശരിവെച്ചു. പിന്നീട്, യമനിലെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും 2023 നവംബറിൽ അപ്പീൽ തള്ളി.