ചോദ്യപേപ്പർ ചോർച്ച കേസ്; അധ്യാപകരുടെ വീട്ടിൽ പരിശോധന നടത്തി ക്രൈംബ്രാഞ്ച്
ചോദ്യപേപ്പർ ചോർച്ച കേസിൽ അധ്യാപകരുടെ വീട്ടിൽ പരിശോധന നടത്തി ക്രൈംബ്രാഞ്ച്. എം.എസ് സൊല്യൂഷൻസിലെ അധ്യാപകരുടെ വീട്ടിലാണ് പരിശോധന നടത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടും അധ്യാപകർ ഹാജരായിരുന്നില്ല. ഇവർ ഒളിവിലെന്ന് ക്രൈംബ്രാഞ്ച്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയ രണ്ട് അധ്യാപകരുടെ വീട്ടിലാണ് ഇന്ന് പുലർച്ചെ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. അതേസമയം ചോദ്യപേപ്പർ ചോർച്ച കേസിൽ ഗൂഢാലോചന കുറ്റം എങ്ങനെ നിലനിൽക്കുമെന്ന് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി വ്യക്തമാക്കി. ഗൂഢാലോചന വകുപ്പ് ചുമത്തിയതിൽ അഡീഷണൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു. അടുത്തമാസം മൂന്നിന് കോടതി വീണ്ടും കേസ് പരിഗണിക്കും.
ചോദ്യപേപ്പർ ചോർച്ച കേസിൽ എം എസ് സൊല്യൂഷൻസ് CEO ഷുഹൈബിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. എം എസ് സൊല്യൂഷൻസ് CEO ഷുഹൈബിനെ വേട്ടയാടാൻ ആണ് ഇത്തരമൊരു കേസ് എന്ന വാദമാണ് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചത്.ചോദ്യങ്ങൾ ചോർത്തിയിട്ടില്ല പ്രവചിക്കുക മാത്രമാണ് ചെയ്തത്.എം എസ് സൊല്യൂഷൻസിനേക്കാൾ പ്രവചനം നടത്തിയവർ വേറെയുണ്ടെന്നും പ്രതിഭാഗം. എന്നാൽ എം എസ് സൊല്യൂഷൻസും സർക്കാർ ഉദ്യോഗസ്ഥരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
ചോദ്യം പ്രവചിക്കുന്നത് കുറ്റകരമല്ല എന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായി.മുൻകൂർ ജാമ്യ അപേക്ഷ പരിഗണിക്കുന്നത് അടുത്തമാസം മൂന്നിലേക്കാണ് മാറ്റിയത്. മൂന്നാം തീയതി അധിക റിപ്പോർട്ട് പ്രോസിക്യൂഷൻ ഹാജരാക്കണം. ഷുഹൈബ് ഇപ്പോഴും ഒളിവിലാണ്.