SportsTop News

കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീമിന്റെ തിരിച്ചുവരവ്: പ്രതീക്ഷകളും വിവാദങ്ങളും

Spread the love

2022 ജൂലൈ 25നാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് വനിതാ ടീം ഔദ്യോഗികമായി രൂപീകരിച്ചത്. 2022-23ലെ കേരള വുമണ്‍സ് ലീഗില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഷെരീഫ് ഖാനായിരുന്നു ആദ്യ പരിശീലകന്‍. ആദ്യ സീസണ്‍ പക്ഷേ ബ്ലാസ്റ്റേഴ്‌സിന്റെ വഴിക്കായിരുന്നില്ല. ക്ലബ്ബിന് ഫൈനലിലേക്ക് യോഗ്യത നേടാന്‍ പറ്റിയില്ല. 22 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഫിനിഷിങ്ങ്. തങ്ങളുടേതല്ലാത്ത തെറ്റിനാണ് ബ്ലാസ്റ്റേഴ്‌സ് വനിതാ ടീമിന്റെ ചരമഗീതം എഴുതപ്പെട്ടത്. ആ സംഭവം ഇങ്ങനെ.

2023-ല്‍ താത്കാലികമായി ബൂട്ടഴിക്കേണ്ടി വന്ന കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീം 2025-ല്‍ വീണ്ടും കളത്തിലിറങ്ങുമോ എന്ന് ഉറ്റുനോക്കി ആരാധകര്‍. വലിയ പ്രതീക്ഷകളോടെയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ വനിതാ ടീമിന്റെ തുടക്കം. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് മേല്‍ ചുമത്തിയ കനത്ത പിഴ അടയ്‌ക്കേണ്ടി വന്നതിനാല്‍ വനിതാ ടീമിനെ നടത്തിക്കൊണ്ട് പോകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ടീമും അക്കാദമിയും മാനേജ്‌മെന്റ് പിരിച്ചു വിട്ടത്. 2025ല്‍ വനിതാ ടീമിന് ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാകുമോ എന്നതാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ചോദ്യം.

ഐഎസ്എല്‍ 2022 – 2023 സീസണിലെ ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ സുനില്‍ ഛേത്രിയുടെ വിവാദ ഫ്രീ കിക്ക് ഗോളില്‍ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് വോക്ക് ഔട്ട് ചെയ്തു. ഈ സംഭവത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (AIFF) 4 കോടി രൂപയാണ് പിഴ ചുമത്തിയത്. ഈ ബാധ്യത തീര്‍ക്കാനാണ് വനിതാ ടീമിനെ മാനേജ്‌മെന്റ് ബലി കഴിപ്പിച്ചത്. അന്ന് കനത്ത വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ മാനേജ്‌മെന്റിനെതിരെ ഉയര്‍ന്നത്.

‘പുരുഷ ടീമിന്റെ തെറ്റിന് പിഴ ചുമത്തപ്പെടുകയും, ആ പണം സ്ത്രീകളുടെ ടീമിന്റെ ബജറ്റ് നഷ്ടപ്പെടുത്തി ടീം അടച്ചുപൂട്ടുന്നതിലൂടെ കണ്ടെത്തുകയും ചെയ്യുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇതുപോലെ ആയാല്‍ ഇന്ത്യയില്‍ സ്ത്രീകളുടെ ഫുട്‌ബോള്‍ എങ്ങനെയാണ് വികസിക്കുക? ഭയങ്കരമായ അവസ്ഥ!’- ക്ലബ്ബിന്റെ തീരുമാനത്തിനെതിരെ മുന്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ ഗോള്‍കീപ്പറായ അദിതി ചൗഹാന്‍ അന്ന് ട്വിറ്ററില്‍ കുറിച്ചു. എപ്പോഴാണ് സ്ത്രീകളുടെ ഫുട്‌ബോള്‍ പൂര്‍ണ്ണമായി ബഹുമാനിക്കപ്പെടുക എന്നായിരുന്നു വിരമിച്ച സ്വീഡിഷ് ഫുട്‌ബോള്‍ ഗോള്‍കീപ്പര്‍ ഹെഡ്വിഗ് ലിന്‍ഡാലിന്റെ അന്നത്തെ പ്രതികരണം. #footballhasnogender എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ ആരാധകരും വനിതാ ഫുട്‌ബോള്‍ പ്രേമികളും kbfcയുടെ ഫാന്‍സ് പേജായ മഞ്ഞപ്പടയുടെ ഒഫിഷ്യല്‍ പേജിലൂടെയടക്കം വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. 2025ലെങ്കിലും ടീമിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാകുമോ എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

തയാറാക്കിയത്: സിന്‍ഡ്ര ഫ്രാന്‍സിസ്(അഞ്ചാം സെമസ്റ്റര്‍ ബി എ ഇംഗ്ലീഷ് ജേണലിസം ട്രിപ്പിള്‍ മെയിന്‍ വിദ്യാര്‍ത്ഥിന, എംഇഎസ് കോളെജ്, മാറമ്പിള്ളി)