SportsTop News

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ജസ്പ്രീത് ബുമ്രയും രോഹിത് ശര്‍മയും വിരാട് കോലിയും കളിക്കില്ല

Spread the love

മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകൾക്കുള്ള ടീമില്‍ നിന്ന് പേസര്‍ ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്കു പിന്നാലെ നടക്കുന്ന ഏകദിന, ടി20 പരമ്പരകളില്‍ നിന്നാണ് ബുമ്രക്ക് വിശ്രമം അനുവദിക്കുക. ഫെബ്രുവരിയില്‍ പാകിസ്ഥാനില്‍ തുടങ്ങുന്ന ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോിയായാണ് ഇന്ത്യയുടെ ബൗളിംഗ് കുന്തമുനയായ ബുമ്രക്ക് വിശ്രമം അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ മെല്‍ബണ്‍ ടെസ്റ്റില്‍ മാത്രം 53.2 ഓവര്‍ പന്തെറിഞ്ഞ ബുമ്ര ടെസ്റ്റ് കരിയറില്‍ ആദ്യമായാണ് ഇത്രയും ഓവറുകള്‍ ഒരു മത്സരത്തിലെറിയുന്നത്. ഇതിന് പുറമെ ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലാകെ 141.2 ഓവര്‍ എറിഞ്ഞ ബുമ്ര തന്നെയാണ് ഇരു ടീമിലുമായി ഏറ്റവും കൂടുതല്‍ പന്തെറിഞ്ഞ ബൗളറും.

ഇതിന് പുറമെ ഏകദിന പരമ്പരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്കും വിശ്രമം അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഫോമിലായിരുന്നില്ല. എന്നാല്‍ ചാമ്പ്യൻസ് ട്രോഫിയിലും രോഹിത് തന്നെയാകും ഇന്ത്യയെ നയിക്കുക എന്നകാര്യം ഉറപ്പാണ്. ഈ സാഹചര്യത്തില്‍ ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഇരുവര്‍ക്കും വിശ്രമം അനുവദിച്ച് കെ എല്‍ രാഹുലിനെയോ ശുഭ്മാന്‍ ഗില്ലിനെയോ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ നായനാക്കുന്ന കാര്യം സെലക്ടര്‍മാര്‍ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ടി20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവ് തന്നെയാകും ഇന്ത്യയെ നയിക്കുക.

ഇംഗ്ലണ്ടിനെതിരെ അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും അടങ്ങിയ പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ജനുവരി 22 മുതല്‍ ഫെബ്രുവരി ഒമ്പത് വരെയാണ് പരമ്പര. 22ന് കൊല്‍ക്കത്തയില്‍ ടി20 മത്സരത്തോടെയാണ് പരമ്പര തുടങ്ങുക. 25ന് ചെന്നൈയില്‍ രണ്ടാം ടി20യും, 28ന് രാജ്കോട്ടില്‍ മൂന്നാം ടി20യും നടക്കും. 31ന് പൂനെയില്‍ നാലാം ടി20യും ഫെബ്രുവരി രണ്ടിന് മുംബൈയില്‍ അവസാന ടി20 മത്സരവും നടക്കും. ഫെബ്രുവരി ആറിന് നാഗ്പൂരിലാണ് ആദ്യ ഏകദിന മത്സരം. ഓമ്പതിന് കട്ടക്കില്‍ രണ്ടാം ഏകദിനവും 12ന് അഹമ്മദാബാദില്‍ മൂന്നാം ഏകദിനവും നടക്കും.

ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റിന് ഒരാഴ്ച മുമ്പ് മാത്രമാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരമെന്നതിനാല്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് യുവതാരങ്ങളെ പരീക്ഷിക്കാനാകും സെലക്ടര്‍മാര്‍ ശ്രമിക്കുക. ഈ സാഹചര്യത്തില്‍ മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഏകദിന ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ കഴിയാതിരുന്നത് സഞ്ജുവിന് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.