ഡിജിറ്റൽ സർവേക്ക് കൈക്കൂലി: താൽക്കാലിക സർവേയർ പിടിയിലൽ
ഇടുക്കിയിൽ ഡിജിറ്റൽ സർവേക്ക് കൈക്കൂലി വാങ്ങിയ താൽക്കാലിക സർവേയർ പിടിയിലായി. എസ്. നിതിനാണ് വിജിലൻസിന്റെ പിടിയിലായത്. ബൈസൺവാലി പൊട്ടൻകുളത്തെ തോട്ടം അളക്കാൻ 50,000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് ഇയാൾ പിടിയിലായത്. 146 ഏക്കർ ഏലത്തോട്ടം അളക്കാനായി എസ്‌റ്റേറ്റ് മനേജർ സർവേ വിഭാഗത്തെ സമീപിച്ചിരുന്നു. താത്കാലിക സർവേയറായ നിതിൻ എസ്റ്റേറ്റിലെത്തുകയും ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
75,000 രൂപയെങ്കിലും തരാതെ അളന്ന് തിട്ടപ്പെടുത്തി തരാൻ കഴിയില്ലെന്ന് നിതിൻ പറഞ്ഞു. പിന്നീട് വീണ്ടും തോട്ടം അളക്കാൻ എസ്റ്റേറ്റ് മാനേജർ ബന്ധപ്പെട്ടപ്പോൾ 50,000 രൂപ മുൻകൂറായി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വിജിലൻസിനെ അറിയിച്ച ശേഷം നേര്യമംഗലം പിഡബ്ല്യുഡി റെസ്റ്റ് ഹൗസിനെ സമീപത്ത് വെച്ച് പണം കൈമാറുന്നതിനിടെ നിതിൻ പിടിയിലാവുകയായിരുന്നു. 50,000 രൂപയുമായാണ് നിതിൻ പിടിയിലായത്. എസ്റ്റേറ്റുകളും ഭൂമികളും അളക്കുന്നതിന് സർവേയർമാർ കൈക്കൂലി ആവശ്യപ്പെടുന്നുവെന്ന പരാതി വ്യാപകമെന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം.