കടുവാക്കുന്നേല്‍ കുറുവച്ചനായി സുരേഷ് ഗോപി; കേന്ദ്രമന്ത്രിയായ ശേഷം വീണ്ടും അഭിനയിക്കാൻ എത്തി
കേന്ദ്രമന്ത്രിയായ ശേഷം വീണ്ടും അഭിനയിക്കാൻ എത്തി സുരേഷ് ഗോപി. ഒറ്റക്കൊമ്പൻ സിനിമയിൽ അഭിനയിക്കാൻ എത്തി സുരേഷ് ഗോപി. ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ പുരോഗമിക്കുന്നു.
കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയാണ് സുരേഷ് ഗോപി ഷൂട്ടിങ്ങിനായി എത്തിയത്. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിന് ഉള്ളിലാണ് ഒറ്റക്കൊമ്പന്റെ ഷൂട്ടിംഗ് നടക്കുന്നത്. ചിത്രത്തിൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന റിയൽ ലൈഫ് കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്.
കോട്ടയം, പാല എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള സിനിമയാണെങ്കിലും ഏറ്റവും പ്രധാനപ്പെട്ടൊരു രംഗമാണ് പൂജപ്പുര സെൻട്രൽ ജയിലിൽ വച്ചിപ്പോൾ ചിത്രീകരിക്കുന്നത്.
രണ്ട് ദിവസമാണ് തിരുവനന്തപുരത്ത് ഷൂട്ടിംഗ്. ഒറ്റക്കൊമ്പന്‍ ഒരു ഫാമിലി ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന സിനിമയാണെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രം നവാഗതനായ മാത്യൂസ് തോമസ് ആണ് സംവിധാനം ചെയ്യുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റണി ബിജു പപ്പൻ, മേഘന രാജ് എന്നിവരും മറ്റ് നിരവധി പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ഒറ്റക്കൊമ്പനില്‍ അണിനിരക്കുന്നുണ്ട്.