KeralaTop News

ഉമാ തോമസിന്റെ അപകടം; സുരക്ഷ ഉറപ്പാക്കണമെന്ന് സംഘാടകരുമായി കരാർ വെച്ചിരുന്നു,അത് പാലിക്കപ്പെട്ടില്ല; GCDA ചെയർമാൻ

Spread the love

ഉമാ തോമസ് എംഎൽഎയ്ക്ക് കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ​ഗാലറിയിൽ നിന്ന് വീണ് പരുക്കേറ്റ സംഭവത്തിൽ നിർമ്മിച്ച സ്റ്റേജിന് കൃത്യമായ ബാരിക്കേഡ് സംവിധാനം ഉണ്ടായിരുന്നില്ലെന്ന് ജി സി ഡി എ ചെയർമാൻ കെ.ചന്ദ്രൻ പിള്ള.

സ്റ്റേഡിയത്തിന്റെ പ്രശ്നമല്ല അപകടമുണ്ടാക്കിയത്.സംഘാടകർ സുരക്ഷാ മാനദണ്ഡം പാലിച്ചിട്ടില്ല.ഫയർ,പി.ഡബ്ല്യു ഡി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സുരക്ഷ ഉറപ്പാക്കണമെന്ന് സംഘാടകരോട് കരാർ വെച്ചിരുന്നു.കരാർ പാലിക്കുന്നതിൽ സംഘാടകർക്ക് ഉണ്ടായത് ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടെന്നും വിഷയത്തിൽ ജി സി ഡി എ സമഗ്രമായ അന്വേഷണം നടത്തും വിശദമായ വിവരം പൊലീസിന് കൈമാറുമെന്നും ചെയർമാൻ കെ ചന്ദ്രൻ പിള്ള വ്യക്തമാക്കി.

ഫുട്ബോൾ പരിപാടികൾക്ക് മാത്രമുള്ളതാണ് സ്റ്റേഡിയം അതുകൊണ്ടുതന്നെ ടർഫിന് ദോഷം വരാത്ത രീതിയിലാണ് അനുമതി നൽകിയത്. പരിപാടിയുമായി ബന്ധപ്പെട്ട് സംഘാടകരുമായി വെച്ച കരാറിന്റെ വിശദാംശങ്ങൾ പത്രകുറിപ്പിലൂടെ അറിയിക്കും.സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കാൻ നടപടികൾ സ്വീകരിക്കും. പൊലീസ് റിപ്പോർട്ട് കൂടി പരിഗണിച്ചാകും സംഘാടകർക്ക് നോട്ടീസ് നൽകുക
സ്റ്റേഡിയത്തിനകത്ത് വാഹനങ്ങൾ കയറ്റാൻ പാടില്ല. ചില അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസിന് മാത്രമാണ് സ്റ്റേഡിയത്തിൽ കയറാൻ അനുമതി ഉള്ളത് .എന്നാൽ ഇത് ലംഘിച്ചാണ് സംഘാടകർ ക്യാരവൻ ഉള്ളിലേക്ക് കയറ്റിയിരുന്നതെന്നും ജിസിഡിഎ ചെയർമാൻ കൂട്ടിച്ചേർത്തു.

അതേസമയം, ഇന്നലെ രാത്രി തന്നെ കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസ് അപകടമുണ്ടായ സ്ഥലം പരിശോധിച്ചിരുന്നു. 12 അടി ഉയരത്തിലാണ് ​ഗാലറി ക്രമീകരിച്ചത്. 55 അടി നീളമുള്ള സ്റ്റേജിൽ എട്ടടി വീതിയിലാണ് കസേരകൾ ഇടാൻ സ്ഥലമൊരുക്കിയത്. ദുർബലമായ ക്യൂ ബാരിയേർസ് ഉപയോ​ഗിച്ചായിരുന്നു മുകളിൽ കൈവരിയൊരുക്കിയത്. പിന്നാലെ കേസെടുക്കാൻ എഡിജിപി മനോജ് എബ്രഹാം കൊച്ചി പൊലീസ് കമ്മീഷണർ പുട്ട വിമലാദിയ്ത്യയ്ക്ക് നിർദേശം നൽകിയിരുന്നു.