എംജിയുടെ വേഗരാജാവ് സൈബർസ്റ്റർ ഇന്ത്യയിലേക്ക്; അടുത്തവർഷം വിപണി നിറയാൻ ഇലക്ട്രിക് സ്പോർട്സ് കാർ
എംജിയുടെ വേഗരാജാവ് സൈബർസ്റ്റർ ഇന്ത്യയിലേക്ക്. അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. പ്രീമിയം ഔട്ട്ലറ്റുകളിലൂടെയാകും സൈബർസ്റ്റാർ വിൽപനക്കെത്തുക. 2025ൽ നടക്കുന്ന ഭാരത് മൊബിലിറ്റി എക്സ്പോയിൽ വാഹനം അവതരിപ്പിക്കും. ഈ വർഷം മാർച്ചിൽ ഇന്ത്യയിൽ കമ്പനി പ്രദർശിപ്പിച്ച മോഡലിൻറെ ഇലക്‌ട്രിക് കാറാണ് ഇത്.
കുറച്ച് മാസങ്ങൾക്ക് മുമ്പെയാണ് എംജി മോട്ടോർ എംജി സെലക്‌ട് എന്ന പേരിൽ പുതിയ റീട്ടെയിൽ ചാനൽ പ്രഖ്യാപിച്ചത്. എംജിയുടെ പ്രീമിയം ഡീലർഷിപ്പ് വഴി വിൽപ്പനയ്‌ക്കെത്തുന്ന ആദ്യ ഉത്‌പന്നമായിരിക്കും സൈബർസ്റ്റാർ. പ്രാരംഭഘട്ടത്തിൽ രാജ്യത്തുടനീളം 12 എക്‌സ്‌പീരിയൻസ് സെൻ്ററുകൾ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2021-ൽ ആണ് സൈബർസ്റ്റർ എന്ന പദ്ധതി ഉണ്ടായതെങ്കിലും 2023-ൽ ഇംഗ്ലണ്ടിൽ നടന്ന ഗുഡ് വുഡ് ഫെസ്റ്റിവൽ ഓഫ് സ്പീഡിലാണ് വാഹനം അവതരിപ്പിച്ചത്.
4,533 മില്ലീമീറ്റർ നീളവും 1,912 മില്ലീമീറ്റർ വീതിയും 1,328 മില്ലീമീറ്റർ ഉയരവുമുള്ളതാണ് ഈ മോഡൽ. 2,689 മില്ലീമീറ്ററിൻറെ വീൽബേസാണ് നൽകിയിരിക്കുന്നത്. സ്ലീക്ക് എൽ.ഇ.ഡി ഹെഡ് ലാമ്പ്, ഡി.ആർ.എൽ, സ്പ്ലിറ്റഡ് എയർ ഇൻടേക് എന്നിവയാണ് മുൻവശത്തെ ആകർഷണം. മുന്നിൽ ഇരട്ട വിഷ്ബോൺ സസ്പെൻഷനും പിന്നിൽ ഫൈവ് ലിങ്ക് ഇൻഡിപെൻഡന്റ് സസ്പെൻഷനുമാണ് നൽകിയിരിക്കുന്നത്.
സൈബർസ്റ്ററിലെ ബാറ്ററി പാക്കും മോട്ടോറും രണ്ട് ഓപ്ഷനുകളിൽ ലഭ്യമാകും. എൻട്രി ലെവൽ മോഡലിന് സിംഗിൾ റിയർ ആക്‌സിൽ മൗണ്ടഡ് 308 എച്ച്പി മോട്ടോർ ഉണ്ട്. 64kWh ബാറ്ററിയാണ് കാറിൽ ഘടിപ്പിച്ചിട്ടുള്ളത്. പരമാവധി 520 കിലോമീറ്റർ റേഞ്ചുള്ള കാർ എംജിയുടെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് കാറാണ്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വേണ്ടതോ വെറും 3.2 സെക്കൻഡ് മാത്രം. ഓൾ വീൽ ഡ്രൈവ് സംവിധാനവും ഉണ്ട്. 50 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെയായിരിക്കും സൈബർസ്റ്ററിന്റെ എക്‌സ്-ഷോറൂം വില.