അബ്ദുൽ റഹീമിന്‍റെ കേസ് ഇന്ന് റിയാദ് കോടതി പരിഗണിക്കും
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കേസ് പരിഗണിക്കുക. മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുൽറഹീമും കുടുംബവും നിയമസഹായ സമിതിയും.
ഓൺലൈൻ വഴി കോടതി കേസ് വിളിക്കുമ്പോൾ അബ്ദുറഹീമും അഭിഭാഷകരും ഹാജരാകും എന്നാണ് പ്രതീക്ഷ. കഴിഞ്ഞ ജൂലൈ രണ്ടിന് അബ്ദുറഹീമിന്റെ കേസ് കോടതി റദ്ദാക്കിയെങ്കിലും ജയിൽ മോചന ഉത്തരവ് ഉണ്ടായിട്ടില്ല. പബ്ലിക് ഓഫൻസുമായി ബന്ധപ്പെട്ട കേസ് തീർപ്പാകാത്തതാണ് ഇതിന് കാരണം എന്നാണ് റിപോർട്ട്. ഇതിന് മുമ്പ് പല തവണ കോടതി കേസ് പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ വിധി പറയുന്നത് നീട്ടി വെക്കുകയായിരുന്നു. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുകയാണ് അബ്ദുറഹീം.