തൃശൂരിലെ കേക്ക് വിവാദം അടഞ്ഞ അദ്ധ്യായമെന്ന് CPI
തൃശൂർ മേയർ എം കെ വർഗീസിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കേക്ക് നൽകിയതുമായി ബന്ധപ്പെട്ട് വി എസ് സുനിൽകുമാർ നടത്തിയ പ്രസ്താവനയും തുടർന്നുണ്ടായ വിവാദവും ഇനി തുടർന്നുകൊണ്ട് പോകേണ്ടതില്ലെന്ന് സിപിഐ.മുന്നണിയിൽ ഭിന്നത ഉണ്ടാക്കാനുള്ള എല്‍ ഡി എഫ് വിരുദ്ധരുടെ കെണിയില്‍ വീഴരുത്. രാഷ്ട്രീയ പക്വതയോടെ ഈ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ആവശ്യപ്പെട്ടു.
ആഘോഷങ്ങളില്‍ പരസ്പരം ആശംസകള്‍ കൈമാറുന്നതും മധുരം പങ്കുവെയ്ക്കുന്നതും നമ്മുടെ നാട്ടില്‍ നിലവിലുള്ള സംസ്‌കാരമാണ്. എന്നാല്‍, ബി ജെ പി ഇതിനെയെല്ലാം ഇപ്പോള്‍ രാഷ്ട്രീയ ലാക്കോടുകൂടിയാണ് ഉപയോഗിക്കുന്നതെന്ന് എല്ലാവരും തിരിച്ചറിയണം. സുനില്‍കുമാറിന്റെ കാലത്ത് വികസനം ഉണ്ടായിട്ടില്ല എന്ന് മേയര്‍ പറഞ്ഞത് തെറ്റാണ്. തൃശൂര്‍ കോര്‍പ്പറേഷനില്‍ കഴിഞ്ഞ 9 വര്‍ഷമായി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ എല്‍ ഡി എഫിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് അല്ലാതെ തൃശൂർ കോർപ്പറേഷനിലെ വികസനം ഒരാളുടെ മാത്രം നേട്ടമല്ലെന്നും സിപിഐ തൃശൂർ ജില്ലാ കമ്മിറ്റി വ്യക്തമാക്കി.