NationalTop News

ക്രിസ്മസ് ആഘോഷിച്ചതിന് സ്ത്രീകളുൾപ്പെടെ മൂന്നുപേരെ മരത്തിൽ കെട്ടിയിട്ട് മർദിച്ച് ഹിന്ദു സംഘടന

Spread the love

ഒഡിഷയിൽ ക്രിസ്മസ് ആഘോഷിച്ചതിന് മൂന്നുപേരെ മരത്തിൽ കെട്ടിയിട്ട് മർദിച്ചതായി പരാതി. ബലാസോർ ജില്ലയിലെ ഗോബർധൻപുരി ഗ്രാമത്തിലാണ് സംഭവം. ദി വയർ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്‌.

ദേവസേന എന്ന ഹിന്ദുത്വ സംഘടനയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. നാട്ടുകാരും ഇവരോടൊപ്പമുണ്ടായിരുന്നു. ആഘോഷങ്ങളുടെ മറവിൽ മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മർദനം.

സംഭവം അറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തി രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും രക്ഷിച്ചു. ഇരു വിഭാഗങ്ങളുടെയും പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പ്രദേശത്ത് സമാധാനം നിലനിർത്താനായുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി.

ദളിത് കുടുംബങ്ങളെ മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മർദനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ വിഡിയോ വലിയ രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കെട്ടിയിട്ടവർക്ക് മുന്നിൽനിന്ന് നാട്ടുകാർ ജയ് ശ്രീറാം വിളിക്കുന്നത് ഇതിൽ കാണാം.