SportsTop News

ബൗളിങ്ങിലുണ്ടാക്കിയ നേട്ടം കൈവിട്ടു; 333 റണ്‍സ് ലീഡില്‍ ഓസ്‌ട്രേലിയ

Spread the love

ജസ്പ്രീത് ബുംറയുടെ ബൗളിങ് കരുത്തില്‍ നേടിയ ആധിപത്യം അവസാനം കൈവിട്ട് ഇന്ത്യ. ബോക്‌സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ നാലാം ദിനത്തിലെ കളിനിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെന്ന നിലയിലാണ് ഓസീസ്. 333 റണ്‍സിന്റെ മികച്ച ലീഡാണ് ഇതോടെ ആതിഥേയര്‍ സ്വന്തമാക്കിയത്. 173 റണ്‍സില്‍ ഓസീസിന്റെ ഒമ്പതാം വിക്കറ്റ് വീഴ്ത്തിയ ഇന്ത്യക്ക് നേഥന്‍ ലയണ്‍, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ ചേര്‍ന്നാണ് ഭീഷണിയായത്. അവസാന സെഷനിലെ 18 ഓവര്‍ ബാറ്റ് ചെയ്ത ഇരുവരും ചേര്‍ന്ന് 55 റണ്‍സ് എടുത്തു. ഇതോടെയാണ് ഓസ്‌ട്രേലിയന്‍ ലീഡ് 300 കടന്നത്. 54 പന്തില്‍ നിന്നും 41 റണ്‍സ് എടുത്ത ലയണും 65 പന്തില്‍ നിന്ന് പത്ത് റണ്‍സ് എടുത്ത ബോളണ്ടും തമ്മിലെ കൂട്ടുക്കെട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പൊളിക്കാനായില്ല. നാലാം ദിനം നാലു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും മൂന്നു വിക്കറ്റ് നേടിയ മുഹമ്മദ് സിറാജും ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയിരുന്നു. 139 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്നും 90 പന്തില്‍ 41 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സുമാണ് നാലാം ദിനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തത്.

രണ്ടാം ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ ബുംറ ഓസ്‌ട്രേലിയന്‍ താരങ്ങളെ വരച്ച വരയില്‍ നിര്‍ത്തി. ഒന്നാം ഇന്നിങ്‌സില്‍ തിളങ്ങിയ ഓപ്പണര്‍ സാം കോണ്‍സ്റ്റാസിനെ എട്ട് റണ്‍സിനാണ് ബുംറ മടക്കിയത്. പിന്നാലെ ഉസ്മാന്‍ ഖവാജയും മാര്‍നസ് ലബുഷെയ്‌നും റണ്‍നിരക്ക് കൂട്ടാനുള്ള ശ്രമത്തില്‍ പുറത്തായി. 21 റണ്‍സെടുത്ത ഖവാജയെ വീഴ്ത്തി സിറാജ് ആണ് ഇവരുടെ കൂട്ടുകെട്ട് പൊളിച്ചത്. പതിമൂന്ന് റണ്‍സുമായി നിന്ന സ്റ്റീവ് സ്മിത്തിനെ വീഴ്ത്തി സിറാജ് ഓസീസിനെ പ്രതിരോധത്തിലാക്കി. പിന്നാലെ വന്ന ട്രാവിസ് ഹെഡ് ഏക റണ്ണുമായും മിച്ചല്‍ മാര്‍ഷ് പൂജ്യത്തിനും അലക്‌സ് കാരി രണ്ട് റണ്‍സിനും പുറത്തായി ജസ്പ്രീത് ബുംറയാണ് മൂന്ന് പേരെയും അതിവേഗം മടക്കി ഓസ്‌ട്രേലിയയുടെ മധ്യനിര കരുത്ത് ചേര്‍ത്തിക്കളഞ്ഞത്.
എന്നാല്‍ ഏഴാമനായി ഇറങ്ങിയ ലബുഷെയ്നും കമ്മിന്‍സും ചേര്‍ന്ന് 57 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. എന്നാല്‍ ലബുഷെയ്നെ സിറാജ് പുറത്താക്കിയതോടെ ഈ ഭീഷണി മാറി. തുടര്‍ന്ന് എത്തിയ മിച്ചല്‍ സ്റ്റാര്‍ക് ആകട്ടെ അഞ്ച് റണ്‍സ് എടുത്തപ്പോഴേക്കും പുറത്തായി. ഇതിനിടെ അര്‍ധ സെഞ്ചുറിയോട് അടുത്ത കമ്മിന്‍സനെ രവീന്ദ്ര ജഡേജയും വീഴ്ത്തി. തുടര്‍ന്നായിരുന്നു ലയണ്‍-ബോളണ്ട് കൂട്ടുകെട്ട്. നേരത്തേ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 369 റണ്‍സിന് അവസാനിച്ചിരുന്നു. 105 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ഇന്ത്യ വഴങ്ങിയത്. നാലാം ദിനം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് 11 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. 189 പന്തില്‍ നിന്ന് ഒരു സിക്സും 11 ഫോറുമടക്കം 114 റണ്‍സെടുത്ത നിതീഷിനെ പുറത്താക്കി നേഥന്‍ ലയണാണ് ഇന്ത്യന്‍ ഇന്നിങ്സ് അവസാനിപ്പിച്ചത്. ഓസ്‌ട്രേലിയക്കായി ലയണ്‍, പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.