KeralaTop News

ഇടുക്കിയിലെ കാട്ടാന ആക്രമണം; യുവാവിന്റെ മരണം വേദനാജനകം, ചീഫ് വൈൽഡ് ലൈഫ് വാർഡനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു, മന്ത്രി എ കെ ശശീന്ദ്രൻ

Spread the love

ഇടുക്കിയിലെ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം വേദനാജനകമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ചീഫ് വൈൽഡ് ലൈഫ് വാർഡനോട് റിപ്പോട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകും സംഭവം നടന്ന സ്ഥലം ഹോട്ട് സ്പോട്ട് ആണോ എന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാർ നിയമാനുസൃതം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യും, യുദ്ധകാലാടിസ്ഥാനത്തിൽ സോളാർ ഫെൻസിങ് സ്ഥാപിക്കും സർക്കാർ വിഷയം ഗൗരവകരമായാണ് എടുത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ സംഭവത്തിൽ വനം വകുപ്പിന് നഷ്ട പരിഹാരം നൽകാൻ കഴിയില്ലെന്ന് ഹൈറേഞ്ച് സർക്കിൾ സിസിഎഫ് ട്വന്റി ഫോറിനോട് പറഞ്ഞു. 24 കാട്ടാനകൾ മുള്ളരിങ്ങാട് ഉണ്ടായിരുന്നു.അതിൽ 18 എണ്ണത്തിനേയും വനം വകുപ്പ് തുരത്തിയിരുന്നു. ബാക്കി ആനകളെ തുരത്താനുള്ള ശ്രമം തുടരുന്നതിനിടെയാണ് ദാരുണ സംഭവം ഉണ്ടായത് അമറിന് നഷ്ടപരിഹാരം നൽകുന്നതിൽ ദുരവാരണ അതോറിറ്റിയാണ് തീരുമാനമെടുക്കേണ്ടതെന്നും സിസിഎഫ് പറഞ്ഞു.

ഇടുക്കി മുള്ളരിങ്ങാട് അമേൽ തൊട്ടിയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഉച്ചക്ക് ശേഷം മൂന്നുമണിയോടെയാണ് സംഭവം. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരാണ് മരിച്ച അമർ ഇലാഹിയും കുടുംബവും. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. ഇയാൾക്കൊപ്പം കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോൾ അതീവ ​ഗുരുതരാവസ്ഥയിലായിരുന്നു യുവാവ്. മണിക്കൂറുകൾക്കകം മരണത്തിന് കീഴടങ്ങുകയും ചെയ്തു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം, അമറിന്റെ മൃതദേഹം സംസ്കരിക്കുന്നതിന് മുൻപ് കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് മോർച്ചറിക്ക് മുൻപിൽ പ്രതിഷേധിക്കുകയാണ്. ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിലാണ് മോർച്ചറിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. വനം വകുപ്പ് മന്ത്രിയെ പുറത്താക്കാനുള്ള ആർജ്ജവം മുഖ്യമന്ത്രി കാണിക്കണമെന്നും ഉദ്യോഗസ്ഥർ പറയുന്നത് മാത്രമാണ് മന്ത്രി മുഖ വിലക്കെടുക്കുന്നത്. ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും ഡീൻ കുര്യാക്കോസ് എംപി പ്രതികരിച്ചു.