ഇടുക്കിയിലെ കാട്ടാന ആക്രമണം; വണ്ണപ്പുറം പഞ്ചായത്തിൽ നാളെ UDF ഹർത്താൽ
ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നാളെ യുഡിഎഫ് ഹർത്താൽ. വണ്ണപ്പുറം പഞ്ചായത്തിലാണ് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി ഇലാഹിക്ക് (22) ആണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. അമർ ഇലാഹിയെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അമറിന്റെ മൃതദേഹം സംസ്കരിക്കുന്നതിന് മുൻപ് കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് മോർച്ചറിക്ക് മുൻപിൽ പ്രതിഷേധിക്കുകയാണ്. ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിലാണ് മോർച്ചറിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്.
വനം വകുപ്പ് മന്ത്രിയെ പുറത്താക്കാനുള്ള ആർജ്ജവം മുഖ്യമന്ത്രി കാണിക്കണമെന്നും ഉദ്യോഗസ്ഥർ പറയുന്നത് മാത്രമാണ് മന്ത്രി മുഖ വിലക്കെടുക്കുന്നത്. ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും ഡീൻ കുര്യാക്കോസ് എംപി പ്രതികരിച്ചു.
പ്രദേശത്ത് കാട്ടാന ശല്യം പതിവെന്ന് പഞ്ചായത്തംഗം ഉല്ലാസ് പറഞ്ഞു. വനനിയമത്തിൽ ഭേദഗതി വേണമെന്ന് ജോസ് കെ മാണി എംപി പറഞ്ഞു. കാട്ടാനശല്യം തടയാൻ അടിയന്തര നടപടി സ്വീകരണിക്കണമെന്ന് പി ജെ ജോസഫ് ആവശ്യപ്പെട്ടു.
വൈകുന്നേരത്തോടെയായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അമറിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടിരുന്നു. കുടുംബത്തിലെ ഏക ആശ്രയമാണ് ഇല്ലാതായത്. വനാതിർത്തിയിൽ വെച്ചാണ് ആക്രമണം ഉണ്ടായതെന്ന് പഞ്ചായത്തംഗം ഉല്ലാസ് പറഞ്ഞു.