KeralaTop News

ചർച്ചകൾ പുറത്തുവരുമെന്ന് കരുതി മിണ്ടാതിരിക്കാനാകില്ല; പത്തനംതിട്ട ജില്ലാ നേതൃത്വത്തിനെതിരെ എം.വി ഗോവിന്ദൻ

Spread the love

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ നേതൃത്വത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ അതിരൂക്ഷ വിമർശനം. ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പോലും ജില്ലാ കമ്മിറ്റി അംഗങ്ങൾ സംഘടനാ ജോലികൾ ചെയ്തില്ലെന്നും അത് സംസ്ഥാന കമ്മിറ്റിയുടെ പരിശോധനയിൽ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന് പരമ്പരാഗത വോട്ട് കുറയുന്നത് ബിജെപിയുടെ വോട്ട് വർദ്ധനവാണെന്നത് പരിഗണിക്കണമെന്ന് എം.വി ​ഗോവിന്ദൻ പറഞ്ഞു. അതിനെ ആലങ്കാരിക പദപ്രയോഗങ്ങളിലൂടെ വിലയിരുത്തിയിട്ട് കാര്യമില്ല. ചർച്ചകൾ പുറത്തു വരുമെന്ന് കരുതി മിണ്ടാതിരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പരിശോധിച്ചു മറുപടി നൽകാൻ ജില്ലാ കമ്മിറ്റിക്ക് കൈമാറുന്ന മിക്ക പരാതികളിലും നടപടിയില്ല. ജില്ലാ സമ്മേളനത്തിലെ ചർച്ചക്ക് ശേഷമുള്ള മറുപടിയിലാണ് എം.വി ഗോവിന്ദൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

നവീൻ ബാബുവിൻ്റെ കുടുംബത്തിന് ഒപ്പമാണ് പാർട്ടി എന്ന് എം.വി ഗോവിന്ദൻ ജില്ലാ സമ്മേളനത്തിൽ വ്യക്തമാക്കി. സിഐടിയു നേതാവ് മലയാലപ്പുഴ മോഹനന്‍ പാര്‍ട്ടി മേല്‍വിലാസം ഉപയോഗിച്ച് ശുദ്ധ അസംബന്ധം പറയുകയാണ്. നിലപാട് പറയാൻ മോഹനനെ പാർട്ടി ചുമതലപ്പെടുത്തിയിട്ടില്ല. അയാള്‍ സിപിഐ ആണെന്നാണ് ആദ്യം കരുതിയതെന്നും പിന്നീടാണ് പാര്‍ട്ടിയാണെന്നറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇ.പി ജയരാജനുമായി ബന്ധപ്പെട്ട വിഷയം പാർട്ടി ചർച്ച ചെയ്തെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവന അദ്ദേഹം നടത്തി. എൽഡിഎഫ് കണ്‍വീനറെന്ന നിലയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ഇ.പി. വീഴ്ച്ച വരുത്തി. ഈ കാരണങ്ങളെല്ലാം വിലയിരുത്തിയാണ് അദ്ദേഹത്തെ ചുമതലയില്‍ നിന്നും മാറ്റിയതെന്നും എം.വി ​ഗോവിന്ദൻ വ്യക്തമാക്കി.