KeralaTop News

മുൻ സിപിഐഎം നേതാവ് മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പൊലീസ്; CPIM നൽകിയ പരാതിയിൽ നടപടി

Spread the love

CPIM മുൻ ഏര്യാ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പൊലീസ്. തിരുവനന്തപുരം മംഗലപുരം പോലീസാണ് കേസെടുത്തത്. CPIM നൽകിയ പരാതിയിലാണ് കേസെടുത്തത്. തട്ടിപ്പ്,വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ഡിസംബർ ഒന്നിനാണ് ഏര്യാ സെക്രട്ടറിയായിരുന്ന മധു ഏര്യാ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയത്. തുടർന്ന് ബിജെപിയിൽ ചേർന്ന മധുമുല്ലശ്ശേരിക്കെതിരെ CPIM പോലീസിൽ പരാതി നൽകിയിരുന്നു. ഏരിയ സമ്മേളനത്തിന് പിരിച്ച പണം തട്ടിയെടുത്തെന്നായിരുന്നു പരാതി.

4.80 ലക്ഷം രൂപ മധു തിരിച്ചടയക്കാനുണ്ടെന്നും ലോക്കൽ സെക്രട്ടറിമാർ പിരിച്ചെടുത്ത നൽകിയ പണമാണ്, അത് തിരിച്ചു കിട്ടിയ മതിയാകൂ എന്നും സിപിഐഎം ആവശ്യപ്പെട്ടു. ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ അതാത് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയതായി ജില്ലാ സെക്രട്ടറി വി ജോയി അറിയിച്ചു.

മംഗലപുരം ഏരിയ സമ്മേളനങ്ങൾക്കിടെ ഉണ്ടായ പൊട്ടിത്തെറിയിലാണ് മധുവും ജില്ലാ നേതൃത്വവും രണ്ടുവഴിക്കായത്. മധു കോൺഗ്രസ്സിലേക്കോ ബിജെപിയിലേക്കോ എന്നായിരുന്നു ആകാംഷ. ഒടുവിൽ ബിജെപിയിൽ ചേരാൻ ധാരണയായി.

വി മുരളീധരൻ, സുരേഷ് ഗോപി അടക്കമുള്ള നേതാക്കൾ വീട്ടിലെത്തി മധുവുമായി ചർച്ച നടത്തി. മധു പോയാൽ മകൻ പോലും കൂടെയുണ്ടാകില്ലെന്നായിരുന്നു ജില്ലാ സെക്രട്ടറി പറഞ്ഞത്. എന്നാൽ മകനും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ ശ്യാമും മകൾ മാതുവും ഒപ്പമുണ്ടാകുമെന്ന് മധു തിരിച്ചടിച്ചു. പിന്നാലെ പാർട്ടിയെ വെല്ലുവിളിച്ച മധുവിനെ സിപിഐഎം പുറത്താക്കി.