KeralaTop News

പെരിയ ഇരട്ട കൊലപാതക കേസ് : 10 പ്രതികളെ വെറുതെ വിട്ട സിബിഐ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം

Spread the love

കാസര്‍ഗോഡ് പെരിയ ഇരട്ട കൊലപാതക കേസില്‍ 10 പ്രതികളെ വെറുതെ വിട്ട സിബിഐ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങി കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം. ജനുവരി മൂന്നിന് ശിക്ഷാവിധി വന്നതിനു ശേഷം മേല്‍ക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഇതിനു മുന്നോടിയായി നിയമവിദഗ്ധരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി.

ഗൂഢാലോചനയിലും കൊലപാതകത്തിലും പങ്കെടുത്ത പ്രതികളെ ഉള്‍പ്പെടെ കോടതി വെറുതെ വിട്ടു എന്നാണ് കുടുംബത്തിന്റെ വാദം. ഇതിനിടെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും മുന്‍ എംഎല്‍എയും ആയ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ പാര്‍ട്ടി ചുമതലയുള്ള അഞ്ചു പേരെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയതോടെ സിപിഐഎം പ്രതിരോധത്തിലായിട്ടുണ്ട്. വിധി പകര്‍പ്പ് ലഭിച്ചതിനുശേഷം പാര്‍ട്ടി നിയമ പോരാട്ടം തുടരുമെന്ന് സിപിഐഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനും അറിയിച്ചു.

പെരിയ ഇരട്ട കൊലപാതക കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. പത്ത്് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു. പീതാംബരന്‍ (മുന്‍ പെരിയ എല്‍സി അംഗം), സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി), എ. മുരളി, രഞ്ജിത്ത് (അപ്പു), കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), .എ. സുരേന്ദ്രന്‍ (വിഷ്ണു സുര), കെ.വി. കുഞ്ഞിരാമന്‍ (ഉദുമ കുഞ്ഞിരാമന്‍)(മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (രാഘവന്‍ നായര്‍) (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ. വി. ഭാസ്‌കരന്‍ എന്നിവരുള്‍പ്പടെയുള്ളവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

പ്രദീപ് (കുട്ടന്‍), ബി. മണികണ്ഠന്‍ (ആലക്കോട് മണി), എന്‍. ബാലകൃഷ്ണന്‍ (മുന്‍ പെരിയ ലോക്കല്‍ സെക്രട്ടറി), എ. മധു (ശാസ്ത മധു-അഞ്ചാംപ്രതി ജിജിന്റെ പിതാവ്), റെജി വര്‍ഗീസ്, എ. ഹരിപ്രസാദ്, പി. രാജേഷ്(രാജു) വി. ഗോപകുമാര്‍ (ഗോപന്‍ വെളുത്തോളി), പി.വി. സന്ദീപ് (സന്ദീപ് വെളുത്തോളി) എന്നിവരാണ് കുറ്റവിമുക്തര്‍.