KeralaTop News

സുരേന്ദ്രൻ തന്റെ വീട്ടിൽ വന്നത് സൗഹൃദ സന്ദർശനം മാത്രം, എന്നാൽ മേയറേ കണ്ടത് നിഷ്കളങ്കമായി കാണാനാകില്ല’; വി.എസ് സുനിൽ കുമാർ

Spread the love

തൃശൂരിലെ കേക്ക് വിവാദത്തിൽ നിലപാട് മയപ്പെടുത്തി സിപിഐ നേതാവ് വി.എസ് സുനിൽ കുമാർ. മേയറെ തിരഞ്ഞെടുത്തത് എൽഡിഎഫാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തന്റെ വീട് സന്ദർശിച്ചത് സൗഹൃദത്തിന്റെ ഭാഗമാണെന്നും എന്നാൽ മേയർ എം കെ വർഗീസിന്റെ വീട്ടിൽ കെ സുരേന്ദ്രൻ പോയത് നിഷ്കളങ്കമായി കാണുന്നില്ലെന്നും വിഎസ് സുനിൽകുമാർ പറഞ്ഞു. ഈ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കേക്ക് വിവാദത്തിൽ എൽഡിഎഫ് കൗൺസിലർമാർ പിന്തുണക്കാത്തതിൽ സുനിൽകുമാർ വ്യക്തമായ മറുപടിയും നൽകിയില്ല.

ക്രിസ്തുമസ് ദിനത്തിൽ സ്നേഹസന്ദേശയാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മേയർ എം കെ വർഗീസിനെ വീട്ടിലെത്തി കേക്ക് കൈമാറിയതിലാണ് ഇപ്പോഴത്തെ വിവാദം. കേക്ക് കൈമാറ്റം യാദൃശ്ചികമല്ലെന്നും മുന്നണി രാഷ്ട്രീയത്തോടാണ് കൂറ് പുലർത്തേണ്ടതെന്നും വി എസ് സുനിൽകുമാർ പറഞ്ഞിരുന്നു.

രാഷ്ട്രീയ വിവാദം സൃഷ്ടിക്കുക എന്നതാണ് സുരേന്ദ്രന്റെ സന്ദർശനത്തിന് പിന്നിലെന്നും ആ രാഷ്ട്രീയ തന്ത്രം സുനിൽകുമാറിന് മനസിലാകാതെ പോയി എന്ന വിമർശനവുമാണ് സിപിഐഎമ്മിനുള്ളത്.

ഒരു രാഷ്ട്രീയ നേതാവ് വീട്ടിൽ വരുന്നതിൽ ഒന്നും ചെയ്യേണ്ടതില്ലെന്ന് പറഞ്ഞ് സിപിഐ കൗൺസിലർ ഐ സതീഷ് കുമാർ സുനിൽകുമാർ തള്ളി. സുനിൽകുമാറിന്റെ പ്രസ്താവനയിൽ എൽഡിഎഫിൽ കടുത്ത അതൃപ്തിയാണുള്ളത്.