Top NewsWorld

കസാക്കിസ്ഥാനിലുണ്ടായ വിമാനാപകടം; അസർബൈജാനോട് ക്ഷമ ചോദിച്ച് പുടിൻ

Spread the love

അസർബൈജാൻ എയർലൈൻസ് വിമാനം തകർന്ന് 38 പേർ മരിച്ച സംഭവത്തിൽ അസെർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിനോട് മാപ്പ് പറഞ്ഞ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. റഷ്യൻ വ്യോമമേഖലയിൽ വച്ച് അപകടം നടന്നതിലാണ് അസർബൈജാനോട് പുടിൻ ക്ഷമ ചോദിച്ചത്. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെയായിരുന്നു പുടിൻ ക്ഷമ ചോദിച്ചത്.

‘റഷ്യയുടെ വ്യോമമേഖലയിൽ നടന്ന അപകടത്തിന് ക്ഷമ ചോദിക്കുന്നു. ചെച്‌നിയയിലെ ഗ്രോസ്നിയിൽ വിമാനം ഇറങ്ങാൻ ശ്രമിക്കുമ്പോൾ, റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം യുക്രെയ്ൻ ഡ്രോണുകൾ തടയുന്നതിനിടെ ആണ് ‘ദുരന്ത’മുണ്ടായതെന്നും’ പുടിൻ പറഞ്ഞു. അസെർബൈജാൻ പ്രസിഡന്റുമായി പുടിൻ ഫോണിലാണ് ഖേദം പ്രകടിപ്പിച്ചത്. അപകടത്തിന് പിന്നിൽ റഷ്യയാണെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ക്ഷമാപണം.

കസാക്കിസ്ഥാനിലെ അക്തൗവിന് സമീപമാണ് 67 യാത്രക്കാരുമായിപോയ വിമാനം അപകടത്തിൽപ്പെടുന്നത്. രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 38 പേർ അപകടത്തിൽ മരിച്ചു. വിമാനം തകർന്ന സംഭവത്തിൽ ബാഹ്യഇടപെടലുണ്ടെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. വിമാനാപകടത്തിന് പിന്നിൽ റഷ്യൻ വിമാന വിരുദ്ധ സംവിധാനമാണെന്ന് നേരത്തെതന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അതേസമയം, പാസഞ്ചർ ജെറ്റ് തെക്കൻ റഷ്യയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ, ഗ്രോസ്‌നി, വ്‌ളാഡികാവ്‌കാസ് നഗരങ്ങളിലെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളിൽ യുക്രൈനിയൻ കോംബാറ്റ് ഡ്രോണുകൾ ആക്രമണം നടത്തുകയായിരുന്നു ഇതിൻ്റെ പശ്ചാത്തലത്തിൽ, പ്രദേശത്തെ വ്യോമാതിർത്തി അടച്ചിരുന്നു

അപകടത്തിൽപ്പെട്ട ജെ 2-8243 വിമാനത്തിൻ്റെ പൈലറ്റ് രണ്ട് തവണ ഗ്രോൻസിയിൽ ലാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപെടുകയായിരുന്നു.ഇതോടെ മറ്റ് വിമാനത്താവളങ്ങളിൽ ഇറങ്ങാൻ അധികൃതർ നിർദേശിച്ചു. ഇതോടെ പൈലറ്റ് കസാക്കിസ്ഥാനിലെ കാസ്പിയൻ കടലിന് കുറുകെയുള്ള അക്താവു വിമാനത്താവളത്തിലേക്ക് പോകാൻ തീരുമാനിച്ചു. സംഭവസമയത്ത് പ്രദേശത്ത് കനത്ത മൂടൽമഞ്ഞ് ഉണ്ടായിരുന്നുവെന്നും റഷ്യയുടെ ഫെഡറൽ എയർ ട്രാൻസ്‌പോർട്ട് ഏജൻസി മേധാവി സിഎൻഎന്നിനോട് പറഞ്ഞു.