Sunday, December 29, 2024
Latest:
KeralaTop News

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഡിസംബർ 30ന് വൈകിട്ട് 5ന് തുറക്കും, ഇടതടവില്ലാതെ വൈദ്യുതി ഉറപ്പാക്കുമെന്ന് കെ.എസ്.ഇ.ബി.

Spread the love

മണ്ഡലകാല തീർത്ഥാടനം കഴിഞ്ഞ് ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്ര നടയടച്ച ശേഷം പമ്പ മുതൽ സന്നിധാനം വരെയുള്ള ലൈനുകളും ട്രാൻസ്ഫോർമറുകളും പരിശോധിച്ച് അറ്റകുറ്റപ്പണികൾ നടത്തി മുടക്കം വരാതെ വൈദ്യുതി നൽകാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് കെ.എസ്.ഇ.ബി.

ഡിസംബർ 29ന് അറ്റകുറ്റപ്പണികളെല്ലാം പൂർത്തിയാക്കും. ഡിസംബർ 30ന് വൈകിട്ട് 5 മണിക്ക് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും. പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിൽ കെ.എസ്.ഇ.ബി കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. മുപ്പത്തിയെട്ട് ട്രാൻസ്ഫോർമറുകളാണ്‌ മേഖലയിലുള്ളത്. നൽപ്പത്തിലധികം വരുന്ന ജീവനക്കാരുടെ സേവനമുറപ്പാക്കി ജോലികൾ കൃത്യമായി ചാർട്ട് ചെയ്താണ് മുന്നോട്ട് പോകുന്നത്.

അതേസമയം 1 ദിവസം നീണ്ടുനിന്ന മണ്ഡലമഹോത്സവത്തിന് സന്നിധാനം സർക്കാർ ആയുർവേദ ആശുപത്രിയിൽ നാൽപ്പത്തിയേഴായിരത്തോളം പേർക്ക് ചികിത്സ ലഭ്യമാക്കാൻ സാധിച്ചതായി മെഡിക്കൽ ഓഫീസർ ഡോ മനേഷ് കുമാർ അറിയിച്ചു.
മല കയറി വരുന്ന അയ്യപ്പന്മാർ പേശി വലിവ്, പനി, ചുമ, കഫക്കെട്ട് തുടങ്ങിയ പ്രശ്നങ്ങളുമായാണ് ആയുർവേദ ആശുപത്രിയിലെത്തുന്നത്. പേശിവലിവുമായി എത്തുന്നവർക്ക് അഭ്യംഗമുൾപ്പെടെ പലവിധ ആയുർവേദ ചികിത്സകൾ ഇവിടെ ചെയ്തുവരുന്നുണ്ട്. കഫക്കെട്ടുള്ളവർക്ക്‌ സ്റ്റീമിങ്, നസ്യം തുടങ്ങിയ ചികിത്സകൾ നൽകുന്നു.

മകരവിളക്ക് മഹോത്സവ ദിനങ്ങളിലേക്ക് ആയുർവേദ ആശുപത്രി കൂടുതൽ മരുന്നുകൾ സംഭരിക്കുന്നുണ്ടെന്നും പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള മരുന്ന് വിതരണമാണ് ആശുപത്രി പിൻതുടരുന്നതെന്നും പ്ലാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ടെന്നും ഡോ മനേഷ് കുമാർ പറഞ്ഞു. ഔഷധിയാണ് മരുന്നുകൾ നൽകുന്നത്. ഐ.എസ്.എം ഡിപ്പാർട്ട്മെന്റിൽ നിന്നും നാഷണൽ ആയുഷ് മിഷനിൽ നിന്നും കൂടുതൽ ജീവനക്കാർ വരും ദിനങ്ങളിൽ സന്നിധാനത്ത് എത്തിച്ചേരും.