Sunday, December 29, 2024
Latest:
KeralaTop News

കാസര്‍ഗോഡ് എരിഞ്ഞിപ്പുഴയില്‍ കുളിക്കുന്നതിനിടെ മൂന്ന് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

Spread the love

കാസര്‍ഗോഡ് എരിഞ്ഞിപ്പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെടുത്തു. എരഞ്ഞിപ്പുഴ സ്വദേശി സിദ്ദിഖിന്റെ മകന്‍ റിയാസ് (17), അഷറഫിന്റെ മകന്‍ യാസിന്‍ (13), മജീദിന്റെ മകന്‍ സമദ് (13) എന്നിവരാണ് മരിച്ചത്.

രണ്ടരയ്ക്കാണ് ഈ കുട്ടികള്‍ അപകടത്തില്‍ പെട്ടത്. കുളിക്കുന്നതിനായി റിയാസിന്റെ അമ്മയ്‌ക്കൊപ്പമാണ് കുട്ടികള്‍ പുഴയിലേക്ക് എത്തിയത്. തുടര്‍ന്ന് മൂന്ന് പേരും ഒഴുക്കില്‍ പെടുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടയില്‍ റിയാസിന്റെ മാതാവും വെള്ളത്തിലേക്ക് താഴ്ന്നു. തൊട്ടടുത്ത് വീടിന്റെ പണി എടുക്കുകയായിരുന്നവരാണ് ഇവരെ രക്ഷിച്ചത്.

അപകടം നടന്ന ഉടനെ രക്ഷപ്പെടുത്തിയ റിയാസ് ആശുപത്രിലെത്തിക്കുന്ന വഴിയാണ് മരിച്ചത്. യാസിനെ രണ്ട് മണിക്കൂറിനു ശേഷം അപകടം നടന്ന സ്ഥലത്ത് നിന്നും നൂറു മീറ്റര്‍ അകലെ കണ്ടെത്തിയെങ്കിലും മരണം സ്ഥിരീകരിച്ചു. പിന്നീട് വൈകിയാണ് സമദിന്റെ മൃതദേഹം കണ്ടെത്തിയത്. രക്ഷപ്പെടുന്നതിനായി എന്തിലോ പിടിച്ചു നിന്ന നിലയിലായിരുന്നു സമദിന്റെ മൃതദേഹമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും. ജില്ലാ കളക്ടറും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമടക്കമുള്ളവര്‍ സ്ഥലത്തെത്തി.