കാരറ്റ് vs കാരറ്റ് ജ്യൂസ്: ഏതാണ് ആരോഗ്യത്തിന് നല്ലത്?
ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളാല്‍ സമ്പുഷ്ടമായ പച്ചക്കറികളിലൊന്നാണ് കാരറ്റ്. എഡി 900 മുതൽ മനുഷ്യർ കാരറ്റ് കൃഷി ചെയ്യാന്‍ തുടങ്ങിയെന്നു ചരിത്രം പറയുന്നു. മഞ്ഞ, ചുവപ്പ്, വെള്ള, പര്‍പ്പിള്‍ എന്നിങ്ങനെ പല നിറങ്ങളില്‍ ഇന്ന് കാരറ്റ് ലഭ്യമാണ്. നിറം എന്തുതന്നെയായാലും, കാരറ്റ് എല്ലായ്പ്പോഴും വളരെയധികം ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയായി കണക്കാക്കപ്പെടുന്നു. പലതരം വിറ്റാമിനുകളും ആൻ്റിഓക്സിഡന്റുകളും കൊണ്ട് സമ്പന്നമാണ് കാരറ്റുകള്‍.
ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ കാരറ്റിന് പ്രധാന പങ്കുണ്ട്. പക്ഷേ, പച്ച കാരറ്റ് കഴിക്കുന്നതാണോ അതോ കാരറ്റ് ജ്യൂസ് കുടിക്കുന്നതാണോ നല്ലത് എന്ന ചോദ്യം പലർക്കും ഉണ്ടാകാം. രണ്ടിനും തനതായ ഗുണങ്ങളുണ്ടെങ്കിലും, ഏതാണ് കൂടുതൽ നല്ലതെന്ന് നിങ്ങളുടെ ആരോഗ്യലക്ഷ്യങ്ങളും മറ്റു ഭക്ഷണക്രമവും അനുസരിച്ച് തീരുമാനിക്കാവുന്നതാണ്.
കാരറ്റ് പച്ചയ്ക്ക് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
എല്ലാദിവസവും കഴിക്കാന്‍ പറ്റിയ പച്ചക്കറികളിലൊന്നാണ് കാരറ്റ്. അതിലടങ്ങിയിരിക്കുന്ന ധാതുക്കളും പോഷകങ്ങളും നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യവുമാണ്. കാരറ്റിൽ വിറ്റാമിന്‍-എ ധാരാളമടങ്ങിയിട്ടുണ്ട് ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു. പൊട്ടാസ്യം ധാരാളമടങ്ങിയിട്ടുള്ള പച്ചക്കറി കൂടിയാണ് കാരറ്റ്. അതുകൊണ്ട് തന്നെ നമ്മുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കാരറ്റ് സഹായിക്കുന്നു. കാരറ്റിലെ ബീറ്റാകരോട്ടിനും ലൈകോപിനും ചര്‍മ്മത്തിന്റെ സൗന്ദര്യം നിലനിര്‍ത്താന്‍ നമ്മളെ സഹായിക്കും. കൂടാതെ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തങ്ങളുടെ ഭക്ഷണ ക്രമത്തിന്റെ ഭാഗമാക്കി മാറ്റാന്‍ കഴിയുന്ന പച്ചക്കറി കൂടിയാണ് കാരറ്റ്. ദിനവും കാരറ്റ് ഉൾപ്പെടുത്തിയുള്ള ഭക്ഷണം, ആരോഗ്യകരമായ ഒരു ജീവിതശൈലിയുടെ അടിസ്ഥാനാമാണ്.
കാരറ്റ് ജ്യൂസിന്റെ ആരോഗ്യഗുണങ്ങള്‍
കാരറ്റ് ജ്യൂസില്‍ ബീറ്റാ കരോട്ടിനും വിറ്റാമിന്‍-എയും ധാരാളമടങ്ങിയിട്ടുണ്ട്. അത് ശരീരത്തിലെ കോശങ്ങളുടെ നാശം തടയാനും അണുബാധയൊഴിവാക്കാനും സഹായിക്കുമെന്നാണ് പഠനങ്ങൾ. പച്ച കാരറ്റിലുള്ളതിനെക്കാള്‍ കാരറ്റ് ജ്യൂസിലാണ് ബീറ്റാ കരോട്ടിന്‍ ധാരാളമായി അടങ്ങിയിട്ടുള്ളത്. എന്നാല്‍ അമിതമായി കാരറ്റ് ജ്യൂസ് കുടിക്കുന്നത് കരോട്ടിനീമിയ എന്ന രോഗാവസ്ഥയ്ക്ക് കാരണമാകും. രക്തത്തില്‍ ബീറ്റാ കരോട്ടിന്റെ അളവ് കൂടുന്നതിലൂടെ ചര്‍മ്മത്തിന്റെ നിറം മഞ്ഞനിറത്തിലാകുന്ന അവസ്ഥയാണിത്.
കാരറ്റും കാരറ്റ് ജ്യൂസും രണ്ടും ആരോഗ്യകരമായ ഭക്ഷണങ്ങളാണ്. എന്നാൽ ആരോഗ്യസ്ഥിതി, ആവശ്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ഏതാണ് നിങ്ങൾക്ക് അനുയോജ്യം എന്ന് തീരുമാനിക്കുക. സന്തുലിതമായ ഭക്ഷണക്രമം പിന്തുടരുന്നത് എല്ലാവർക്കും അത്യാവശ്യമാണ്.