നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്ന് ഫിഡെ; നടപടി വിവേകശൂന്യമെന്ന് കാള്‍സണ്‍
ജീന്‍സ് ധരിച്ചെത്തിയതിന് ലോക റാപിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍നിന്ന് നിലവിലെ ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സണെ അയോഗ്യനാക്കിയ നടപടി ഇതിനകം തന്നെ ഏറെ ചര്‍ച്ചയായി കഴിഞ്ഞു. ഒരു അന്താരാഷ്ട്ര മത്സരത്തില്‍ പാലിക്കേണ്ടുന്ന അച്ചടക്കം നോര്‍വീജിയന്‍ താരവും നിലവിലെ റാപ്പിഡ് ചെസ് ചാമ്പ്യനുമായ കാള്‍സണ്‍ പാലിച്ചില്ലെന്നും അധികൃതരോട് ധിക്കാരപരമായ നിലപാട് സ്വീകരിച്ചുവെന്നുമുള്ള അഭിപ്രായങ്ങള്‍ വരികയാണ്. മാഗ്നസ് കാള്‍സന്റെ പെരുമാറ്റവും അതിനെ തുടര്‍ന്നുള്ള അയോഗ്യനാക്കലും അപൂര്‍വ്വ സംഭവമാണ്. ജീന്‍സ് ധരിച്ച് വന്നപ്പോള്‍ ഉടന്‍ വസ്ത്രം മാറി വരാന്‍ താരത്തോട് ആവശ്യപ്പെട്ടിരുന്നു. അടുത്ത ദിവസം ഡ്രസ് കോഡ് അനുസരിക്കാമെന്നും ഇപ്പോള്‍ മാറേണ്ടതില്ലെന്നും താരം തീരുമാനമെടുക്കുകയായിരുന്നു. ഇതോടെയാണ് 200 ഡോളര്‍ പിഴ ഫിഡെ ചുമത്തിയത്. ഫിഡെ, ഉടന്‍ വസ്ത്രം മാറി വരണമെന്ന് താരത്തോട് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. പിന്നാലെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി നോര്‍വീജിയന്‍ താരത്തെ ടൂര്‍ണമെന്റില്‍നിന്ന് അയോഗ്യനാക്കിയത്. അടുത്ത ദിവസം ഡ്രസ് കോഡ് പാലിക്കാമെന്ന താരത്തിന്റെ വാദം ഫിഡെ അംഗീകരിച്ചില്ല. ക്ഷുഭിതനായി വസ്ത്രം മാറില്ലെന്ന് താരം അറിയിച്ചതോടെയാണ് അച്ചടക്ക നടപടിയെടുത്തത്. ‘ലോക റാപിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിലെ പെരുമാറ്റ ചട്ടങ്ങള്‍ പ്രഫഷനലിസവും തുല്യതയും ഉറപ്പാക്കാന്‍ വേണ്ടിയുള്ളതാണ്. മാഗ്‌നസ് കാള്‍സണ്‍ ജീന്‍സ് ധരിച്ച് ഡ്രസ് കോഡ് ലംഘിച്ചു. ഇത് താരത്തെ ബോധ്യപ്പെടുത്തുകയും 200 ഡോളര്‍ പിഴ ചുമത്തുകയും വസ്ത്രം മാറാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നതായും എന്നാല്‍, താരം വഴങ്ങിയില്ലെന്നും നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും ഫിഡെ പത്രക്കുറിപ്പില്‍ അറിയിച്ചു. അതേ സമയം ‘വിവേകശൂന്യം’ എന്ന വാക്കാണ് ഫിഡെ നടപടിക്കെതിരെ കാള്‍സണ്‍ പ്രയോഗിച്ചത്.