ത്രില്ലര്‍ മത്സരം, പക്ഷേ ആരാധകര്‍ കുളമാക്കി; പിന്നാലെ സംഘര്‍ഷവും അറസ്റ്റും
സ്‌കോട്ട്‌ലാന്‍ഡിലെ ഫുട്‌ബോള്‍ മത്സരത്തിന് ശേഷം നടന്ന സംഭവവികാസങ്ങള്‍ കായിക ലോകത്തിന് തന്നെ നാണക്കേടുണ്ടാക്കുന്നതായി. സ്‌കോട്ടിഷ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയാഴ്ച രാത്രി ഡണ്‍ഫെര്‍ലൈനും ഫാല്‍കിര്‍ക്കും തമ്മില്‍ നടന്ന തീപാറുന്ന മത്സരത്തിനിടെയായിരുന്നു ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. മാച്ചില്‍ 3-2 ലീഡില്‍ നിന്ന ഫാല്‍കിര്‍ക്കിനെതിരെ ഡണ്‍ഫെര്‍ലൈനിന്റെ കെയ്ല്‍ ബെനഡിക്റ്റസ് സമനില ഗോള്‍ നേടിയതോടെ ഗ്യാലറിയിലെ ഫാല്‍കിര്‍ക്ക് ആരാധകര്‍ എതിര്‍ടീമിന്റെ കളിക്കാര്‍ക്കെതിരെ തിരിയുകയായിരുന്നു. മത്സരത്തില്‍ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കുവെച്ചു.
ഡണ്‍ഫെര്‍ലൈനും ഫാല്‍കിര്‍ക്കും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ അത് എക്കാലത്തും തീപാറുന്ന മത്സരമായിരിക്കും. എന്നാല്‍ വെള്ളിയാഴ്ചത്തെ മത്സരം സോക്കര്‍ലോകത്തിന് തന്നെ നാണക്കേടായി മാറിയെന്ന് ഫുട്‌ബോള്‍ ആരാധകര്‍ ഭൂരിപക്ഷവും പറയുന്നു. മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ വീറും വാശിയും ഗ്യാലറിയില്‍ പ്രകടമായിരുന്നു. ഇരുടീമിന്റെയും ആരാധകര്‍ അധികൃതരുടെ കര്‍ശനമായ നിര്‍ദ്ദേശത്തെ അവഗണിച്ച് പടക്കം പൊട്ടിക്കുകയും കളിക്കാര്‍ക്ക് നേരെ കുപ്പി മുതലുള്ള വസ്തുക്കള്‍ എറിയുകയും ചെയ്യുന്നുണ്ടായിരുന്നു.
അനിയന്ത്രിതമായ രീതിയില്‍ പടക്കം പൊട്ടിച്ചതോടെ കിക്ക് ഓഫിന് മുന്നോടിയായി തന്നെ ഗ്രൗണ്ട് പുകയില്‍ മുങ്ങി. ഫാല്‍കിര്‍ക്ക് ഓരോ തവണ മുന്നിലെത്തുമ്പോഴും അവരുടെ ആരാധകര്‍ ഇളകി മറിയുമായിരുന്നുവെങ്കിലും ഡണ്‍ഫെര്‍ലൈന്‍ മൂന്ന് തവണയും ഗോളുകള്‍ മടക്കി. ഇതാടെയാണ് ഡെര്‍ബി പിന്നീട് അരാജകത്വത്തിലേക്ക് നീങ്ങിയത്.
87-ാം മിനിറ്റില്‍ ഫാല്‍കിര്‍ക്കിന്റെ ലിയാം ഹെന്‍ഡേഴ്സണ്‍ നേടിയ ഗോളില്‍ അവര്‍ വിജയമുറപ്പിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷത്തില്‍ ഇന്‍ജുറി ടൈമിലായിരുന്നു ഡണ്‍ഫര്‍ലൈനിന്റെ നിര്‍ണായക ഗോള്‍ വന്നത്. ഇതോടെ അക്രമാസക്തരായ ആരാധകര്‍ ഗ്യാലറിയിലെ നൂറിലധികം സീറ്റുകള്‍ കീറി നശിപ്പിച്ചു. നാണയങ്ങള്‍, തീജ്വാലകള്‍, പടക്കങ്ങള്‍, ലൈറ്ററുകള്‍ തുടങ്ങിയ വസ്തുക്കളെല്ലാം ആരാധകര്‍ മൈതാനത്തിലേക്കും കളിക്കാരുടെ നേര്‍ക്കും വലിച്ചെറിഞ്ഞതായി കണ്ടെത്തി. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഫാല്‍കിര്‍ക്ക് ആരാധകര്‍ അറസ്റ്റിലായി.