KeralaTop News

ആത്മഹത്യാക്കുറിപ്പ് 2 കോൺഗ്രസ് പ്രവർത്തകർ എടുത്തുമാറ്റി; DCC ട്രഷററുടെയും മകൻ്റെയും മരണത്തിൽ സമഗ്ര അന്വേഷണം വേണം, സിപിഐഎം

Spread the love

ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ ട്രഷറർ എൻ.എം വിജയനും മകൻ ജിജേഷും ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ അന്വേഷണം വേണമെന്ന് സിപിഐഎം.സിപിഎമ്മിന്റെ ബത്തേരി ഏരിയ കമ്മിറ്റിയുടേതാണ് ആവശ്യം.വിജയൻറെ ആത്മഹത്യ കുറിപ്പ് വീട്ടിലെത്തിയ രണ്ട് കോൺഗ്രസ് പ്രവർത്തകർ എടുത്ത് മാറ്റിയതായി സംശയമുണ്ട്. ഈ സാഹചര്യത്തിൽ എൻ.എം വിജയൻറെയും മകൻ ജിജേഷിൻറെയും ആത്മഹത്യ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ബത്തേരി ഏരിയ കമ്മിറ്റിയുടെ ആവശ്യം.

സുൽത്താൻ ബത്തേരി അർബൻ ബാങ്കിൽ നിയമങ്ങൾക്കും, ചട്ടങ്ങൾക്കും വിരുദ്ധമായി നിയമനങ്ങൾ നടത്താൻ തീരുമാനിച്ചത് വിവാദമായിരുന്നു. ഇത്തരത്തിൽ നിയമനം നൽകാമെന്ന് വാഗ്ദാനം നൽകി നിരവധി പേരിൽ നിന്ന് കോടികൾ കൈപ്പറ്റുകയും, സഹകരണ വകുപ്പിൻറെ കർശന ഇടപെടലിനെ തുടർന്ന് നിയമനം നടത്താൻ സാധിക്കാതെ വരികയും ചെയ്തതായും പണം നൽകിയവർ ജോലി ലഭിക്കാത്തതിനാൽ തിരികെ ആവശ്യപ്പെടുന്നതായും നിരവധി പരാതികൾ ഉണ്ട്. കോഴ നിയമനങ്ങൾ നടത്തി കോടികൾ തട്ടിയെടുത്തവർ എൻ.എം വിജയനെ ബലിയാടാക്കിയതായി കോൺഗ്രസിലെ പല നേതാക്കളും രഹസ്യമായി പറയുന്നുണ്ടെന്നും സിപിഐഎം വ്യക്തമാക്കി.

ബത്തേരിയിലെ വീടിനകത്ത് വിഷം കഴിച്ച നിലയിലായിരുന്നു വിജയനെയും ജിജേഷിനെയും കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് ഇരുവരും മരണപ്പെടുന്നത്. വയനാട്ടിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്ന വിജയൻ നീണ്ടകാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. ബത്തേരി നഗരസഭയായ ആദ്യ കൗൺസിലിൽ അംഗമായിരുന്നു.