ആഘോഷങ്ങളില്ലാതെ എ കെ ആന്റണിക്ക് ഇന്ന് ശതാഭിഷേകം
ആഘോഷങ്ങളില്ലാതെ എ കെ ആന്റണിക്ക് ഇന്ന് ശതാഭിഷേകം. 84-ാം പിറന്നാളിന് എ.കെ ആൻ്റണി തിരുവനന്തപുരം ജഗതിയിലെ വസതിയിൽ ചിലവഴിക്കും. കോൺഗ്രസിന്റെ സ്ഥാപക ദിനവും എ.കെ ആൻ്റണിയുടെ ജന്മദിനവും ഒരേ ദിവസമാണ്.
1940 ഡിസംബർ 28 നാണ് അറയ്ക്കാപ്പറമ്പിൽ കുര്യന്റെയും ഏലിക്കുട്ടിയുടെയും മകനായി ചേർത്തലയിൽ ആന്റണി ജനിച്ചത്. അമ്പതുകളുടെ അന്ത്യപാദത്തിൽ നടന്ന കെ.എസ്.യു.വിന്റെ ഒരണ സമരത്തിലൂടെയാണ് ആന്റണിയുടെ രാഷ്ട്രീയ പ്രവേശം. ആദർശ രാഷ്ട്രീയത്തിന്റെ അന്നത്തെ മുഖം തന്നെയാണ് ആന്റണിയുടെ ഇന്നത്തെയും ഏറ്റവും വലിയ മുഖമുദ്ര.
77ൽ മുപ്പത്തിയേഴാമത്തെ വയസിലാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന ആ റെക്കാഡ് ഇനിയും ഭേദിച്ചിട്ടില്ല. 95 ലും 2001ലും വീണ്ടും രണ്ട് തവണകൂടി മുഖ്യമന്ത്രിയായി. മൂന്ന് ഘട്ടങ്ങളിലായി പത്തുവർഷത്തോളം കേന്ദ്രമന്ത്രിയായിരുന്നു. ഇപ്പോഴും എ.ഐ.സി.സി.യുടെ മുതിർന്ന പ്രവർത്തക സമിതി അംഗമാണ്. ഇതിനെല്ലാമുപരി ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും അനുഭവ സമ്പന്നനും ആദരണീയനുമായ രാഷ്ട്രീയ വ്യക്തിത്വമുള്ള നേതാവാണ് എ.കെ. ആന്റണി.